Image

പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസുകാരിയായ സഹപാഠിയെ പീഡിപ്പിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ, 11 വിദ്യാർത്ഥികൾക്കെതിരെ കേസ്

Published on 04 July, 2026
പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസുകാരിയായ സഹപാഠിയെ പീഡിപ്പിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ, 11 വിദ്യാർത്ഥികൾക്കെതിരെ കേസ്

പത്തനംതിട്ട: ജില്ലയിലെ ഒരു പ്രമുഖ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പതിമൂന്നുകാരി സഹപാഠികളായ ആൺകുട്ടികളുടെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

​സ്കൂളിൽ നടന്ന പതിവ് കൗൺസിലിംഗ് സെഷനിടെയാണ് പെൺകുട്ടി തനിക്കുണ്ടായ ദാരുണമായ ദുരനുഭവം കൗൺസിലറോട് തുറന്നുപറഞ്ഞത്. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കൂടൽ പൊലീസ് രണ്ട് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തനിക്കൊപ്പം പഠിക്കുന്ന സഹപാഠികളായ ആൺകുട്ടികൾ സ്കൂൾ പരിസരത്ത് വെച്ചും പുറത്തുവെച്ചും പീഡിപ്പിച്ചതായും, മറ്റൊരു സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും ക്രൂരമായ അതിക്രമത്തിന് ഇരയായതായും പെൺകുട്ടി പൊലീസിന് മൊഴി നൽകി.

​പെൺകുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത 11 പേർക്കെതിരെയാണ് പൊലീസ് നിലവിൽ കേസെടുത്തിട്ടുള്ളത്. ഇതിൽ ചില വിദ്യാർത്ഥികൾ രണ്ട് കേസുകളിലും പ്രതികളാണ്. ആകെ ആറ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് ഇപ്പോൾ പൊലീസിന്റെ അന്വേഷണ പരിധിയിലുള്ളത്. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരായതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സാന്നിധ്യത്തിലാകും മൊഴി രേഖപ്പെടുത്തുക. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്ന പൊലീസ്, നിലവിൽ മറ്റ് രണ്ട് പേരെക്കൂടി ചോദ്യം ചെയ്തുവരികയാണ്. കുട്ടികൾക്കെതിരെയുള്ള അതിക്രമമായതിനാൽ അതീവ രഹസ്യമായും ജാഗ്രതയോടെയുമാണ് അന്വേഷണം പുരോഗമിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക