Image

ടെലഗ്രാമിന് കേന്ദ്രത്തിന്റെ നോട്ടീസ്; പൈറേറ്റഡ് കണ്ടന്റുകൾ നീക്കിയില്ലെങ്കിൽ കടുത്ത നടപടി

Published on 04 July, 2026
ടെലഗ്രാമിന് കേന്ദ്രത്തിന്റെ നോട്ടീസ്; പൈറേറ്റഡ് കണ്ടന്റുകൾ നീക്കിയില്ലെങ്കിൽ കടുത്ത നടപടി

ന്യൂഡൽഹി: ടെലഗ്രാം പ്ലാറ്റ്‌ഫോം വഴി വ്യാപകമായി നടക്കുന്ന പൈറസിക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. പൈറേറ്റഡ് സിനിമകൾ, ഒടിടി  പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ, മറ്റ് ഓഡിയോ-വിഷ്വൽ കണ്ടന്റുകൾ എന്നിവ ടെലഗ്രാമിലൂടെ വ്യാപകമായി പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് കേന്ദ്ര വാർത്താ-പ്രക്ഷേപണ മന്ത്രാലയം ടെലഗ്രാമിന് നോട്ടീസ് നൽകി. 15 ദിവസത്തിനകം നടപടിയെടുക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.

പൈറേറ്റഡ് സിനിമകളും പകർപ്പവകാശം ലംഘിക്കുന്ന മറ്റ് ഓഡിയോ-വിഷ്വൽ കണ്ടന്റുകളും കണ്ടെത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും അവയിലേക്കുള്ള പ്രവേശനം തടയുന്നതിനും അവ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് ടെലഗ്രാമിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

പകർപ്പവകാശ ലംഘനം ആവർത്തിക്കുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ, അക്കൗണ്ടുകൾ, അഡ്മിനിസ്ട്രേറ്റർമാർ, അവയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കണം. കൂടാതെ, സിനിമാ നിർമ്മാതാക്കൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, നിയമപാലന ഏജൻസികൾ എന്നിവർക്കായി ടെലഗ്രാമിൽ നിലവിലുള്ള പരാതി പരിഹാര സംവിധാനത്തിന്റെ വിശദാംശങ്ങളും സമർപ്പിക്കണമെന്ന് കേന്ദ്ര വാർത്താ-പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു.

പൈറേറ്റഡ് കണ്ടന്റ് തടയാനും കണ്ടെത്താനും നീക്കം ചെയ്യാനുമായി ടെല​ഗ്രാം സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന ആക്ഷൻ ടേക്കൺ റിപ്പോർട്ട് 15 ദിവസത്തിനകം മന്ത്രാലയത്തിന് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക