
ന്യൂയോർക്ക്, ജൂലൈ 4: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യു.എസ്.എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം അമേരിക്കൻ ജനതയ്ക്ക് ആശംസകൾ നേർന്നു. ലോകത്തിന് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മനുഷ്യാന്തസ്സിന്റെയും പ്രതീക്ഷ പകർന്ന രാഷ്ട്രമാണ് അമേരിക്കയെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
രണ്ടര നൂറ്റാണ്ടായി വ്യക്തിസ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും അവസരസമത്വത്തിനും അമേരിക്ക നൽകിയ പ്രാധാന്യമാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പീഡനങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും വിവേചനങ്ങളിൽ നിന്നും മോചനം തേടിയവർക്ക് അമേരിക്ക പ്രത്യാശയുടെ ദീപസ്തംഭമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിഴവുകളില്ലാത്ത രാജ്യമല്ല അമേരിക്കയെങ്കിലും, സ്വന്തം തെറ്റുകൾ തിരുത്തി കൂടുതൽ നീതിയുക്തവും ഉൾക്കൊള്ളുന്നതുമായ സമൂഹമായി വളരാനുള്ള അതിന്റെ കഴിവാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് ജോർജ്ജ് എബ്രഹാം അഭിപ്രായപ്പെട്ടു. എബ്രഹാം ലിങ്കനെ പോലുള്ള നേതാക്കളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും ഭരണഘടനാപരമായ പരിഷ്‌കാരങ്ങളുടെയും നേതൃത്വത്തിൽ അമേരിക്ക പലവട്ടം സ്വയം നവീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഭൂരിഭാഗം ഇന്ത്യൻ കുടിയേറ്റക്കാരും രാഷ്ട്രീയ അഭയാർത്ഥികളായല്ല, മറിച്ച് അവസരങ്ങളും സ്വാതന്ത്ര്യവും സ്വന്തം കഴിവുകൾ വികസിപ്പിക്കാനുള്ള സാഹചര്യമുമാണ് തേടി അമേരിക്കയിലെത്തിയതെന്ന് പറഞ്ഞു. കഠിനാധ്വാനം, വിദ്യാഭ്യാസം, സംരംഭകത്വം, പൊതുസേവനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഇന്ത്യൻ-അമേരിക്കക്കാർ ശാസ്ത്രം, സാങ്കേതികവിദ്യ, ചികിത്സ, വിദ്യാഭ്യാസം, വ്യവസായം, കല, പൊതുസേവനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും വലിയ ഉത്തരവാദിത്വവും ഏൽപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്തായാലും ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, മതസ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവ ഭീഷണി നേരിടുമ്പോൾ അതിനുവേണ്ടി ശബ്ദമുയർത്തേണ്ടത് ഓരോരുത്തരുടെയും ധാർമിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, മതത്തിന്റെയോ വംശീയതയുടെയോ വിശ്വാസങ്ങളുടെയോ പേരിൽ ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി വിവേചനവും ഭീഷണിയും നേരിടുന്ന ജനവിഭാഗങ്ങളെയും ഓർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നീതി, ബഹുസ്വരത, നിയമവാഴ്ച, എല്ലാ മനുഷ്യരുടെയും തുല്യാവകാശം എന്നിവ സംരക്ഷിക്കാൻ പ്രവാസി ഇന്ത്യൻ സമൂഹം പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.
1998-ൽ രൂപംകൊണ്ട ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യു.എസ്.എ, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത, സാമൂഹിക നീതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്ന ഇന്ത്യൻ-അമേരിക്കൻ സംഘടനയാണ്.