
2026 ജൂലൈ 4 അമേരിക്ക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന്റെ 250ആം വാർഷികമാണെന്നു വ്യാഴാഴ്ച്ച പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആറു പേർക്കു മാപ്പു നൽകിയതായും അറിയിച്ചു. ബൈഡൻ ഭരണകാലത്തു പീഡനം അനുഭവിച്ചവരാണ് അവരെന്നു പറഞ്ഞ ട്രംപ് പക്ഷെ പേരുകൾ പറഞ്ഞില്ല.
പ്രഖ്യാപനത്തിനു ശേഷം സൗത്ത് ഡെക്കോട്ടയിലെ മൗണ്ട് റാഷ്‌മോറിൽ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്താൻ അദ്ദേഹം എയർ ഫോഴ്‌സ് വണ്ണിൽ പറന്നു.
എല്ലാ അമേരിക്കക്കാരും അഭിമാനത്തോടെ ഈ ദിനം ആഘോഷിക്കണമെന്നും രാജ്യത്തിൻറെ മഹത്തായ പൈതൃകവും ചരിത്രവും നേട്ടങ്ങളും ആദരിക്കുന്ന ചടങ്ങിൽ പങ്കാളികളാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അമേരിക്കയുടെ നവ സുവർണ കാലമാണിതെന്നു ട്രംപ് ഓർമിപ്പിച്ചു. "നമ്മൾ സൗരയൂഥത്തിലേക്കുള്ള സാഹസിക പര്യവേഷണങ്ങൾ തുടരും, ചന്ദ്രനിലേക്ക് അമേരിക്കക്കാരെ വീണ്ടും അയക്കും, മാഴ്സിന്റെ ചുവന്ന മണ്ണിൽ കൊടി നാട്ടും.
"എ ഐയിൽ നമ്മൾ പുതിയ അതിരുകൾ കണ്ടെത്തും, നമ്മുടെ മണ്ണിനടിയിലുള്ള അന്തമില്ലാത്ത ഊർജം പ്രസരിപ്പിക്കും, അമേരിക്കൻ ജനതയുടെ സമ്പത്തും സമൃദ്ധിയും വികസിപ്പിക്കും."
മാപ്പു നൽകിയത് ആർക്കാണെന്ന് പറഞ്ഞില്ലെങ്കിലും 'ഉറക്കം തൂങ്ങി ജോ ബൈഡൻ' പീഡിപ്പിച്ചവരാണ് അവരെന്നു ട്രംപ് ചൂണ്ടിക്കാട്ടി. സ്വന്തം കാർ നന്നാക്കാൻ ശ്രമിച്ച കുറ്റത്തിനു ജയിലിൽ പോയവരും അക്കൂട്ടത്തിലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Trump proclaims July 4 as America's 250th Independence Anniversary