
താരനിബിഡമായ ചടങ്ങിൽ ഗായിക ടെയ്‌ലർ സ്വിഫ്റ്റും (36) ഫുട്ബോൾ താരം ട്രാവിസ് കെൽസും (36) തമ്മിൽ വിവാഹിതരായെന്നു സ്വിഫ്റ്റിന്റെ വക്താവ് ട്രീ പെയ്ൻ വെള്ളിയാഴ്ച്ച അറിയിച്ചു. മൻഹാട്ടൻ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ പാതിരാവോളം നീളുന്ന വിരുന്നോടെ ആഘോഷങ്ങൾ വൈകിട്ട് ആരംഭിച്ചു.
വധുവിനു തോഴിമാരോ വരനു തോഴന്മാരോ ഉണ്ടായിരുന്നില്ലെന്ന് പെയ്ൻ പറഞ്ഞു. സ്വിഫ്റ്റിന്റെ സഹോദരൻ ഓസ്റ്റിൻ 'മാൻ ഓഫ് ഓണർ' ആയപ്പോൾ കെൽസിന്റെ സഹോദരൻ ജെയ്‌സൺ 'ബെസ്റ്റ് മാൻ' ആയി.
നടൻ ആഡം സാൻഡ്‌ലർ ആയിരുന്നു ചടങ്ങിനു നേതൃത്വം നൽകിയത്. മാസങ്ങൾക്കു മുൻപ് നിശ്ചയിച്ച വിവാഹം പരമ രഹസ്യമായാണ് നടത്തിയത്. എന്നാൽ മാഡിസൺ ഗാർഡനിലേക്കു ക്ഷണിക്കപ്പെട്ട എ ലിസ്റ്റ് താരങ്ങൾ എത്തി.
കലാകാരന്മാരും കായിക താരങ്ങളും അതിൽ ഉൾപ്പെട്ടു. ബ്രാഡ്‌ലി കൂപ്പർ, ജിജി ഹദീദ്, സെലീന ഗോമസ്, റീസ് വിതർസ്പൂൺ, ഡക്കോട്ട ജോൺസൺ, ഹ്യു ഗ്രാന്റ്, എതാൻ ഹോക്ക്, മരിസ്ക ഹർജിറ്റെയ്, എഡ് ഷീറൺ, സോംബർ എന്നിങ്ങനെയുള്ള കലാകാരന്മാരോടൊപ്പം നാഷണൽ ഫുട്ബോൾ ലീഗ് താരങ്ങൾ കൂപ്പർ കപ്, ക്രിസ് ജോൺസ് തുടങ്ങിയവരും.
നവ ദമ്പതിമാരെ ആദരിക്കാൻ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഇളംനീല ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചു.
സുരക്ഷ കർശനമായിരുന്നു. സമീപത്തെ പല തെരുവുകളിലും ഗതാഗതം തടയപ്പെട്ടു.
കനത്ത ചൂടിലും സ്വിഫ്റ്റിന്റെ ആരാധകർ ഗാർഡനു പുറത്തു തടിച്ചു കൂടി.
2023ൽ ഡെയ്റ്റിങ് ആരംഭിച്ച സ്വിഫ്റ്റും കെൽസും വിവാഹനിശ്ചയം കഴിഞ്ഞെന്നു കഴിഞ്ഞ സമ്മറിലാണ് വെളിപ്പെടുത്തിയത്.
Taylor Swift and Travis Kelce are married