
കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാരിന്റെ 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ, പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ശ്രദ്ധനേടിയ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പിന്റെ പിഴ. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ലവർ' എന്ന ബസിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചത്. കൃത്യമായി സർവീസ് നടത്താതെ പെർമിറ്റ് നിബന്ധനകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 7,500 രൂപയാണ് ബസുടമയിൽ നിന്ന് അധികൃതർ പിഴയായി ഈടാക്കിയത്.
സംസ്ഥാന സർക്കാർ സാധാരണ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ചപ്പോൾ, അതിൽ പ്രതിഷേധിച്ചാണ് 'ലിറ്റിൽ ഫ്ലവർ' ബസ് ഉടമ തങ്ങളുടെ ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച് രംഗത്തെത്തിയത്. ഈ വേറിട്ട പ്രതിഷേധം സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ തരംഗമായിരുന്നു. എന്നാൽ പ്രതിഷേധം തരംഗമായെങ്കിലും, പുരുഷന്മാർക്ക് തുടർച്ചയായി സൗജന്യമായി യാത്രയൊരുക്കിയ ഈ ബസിന് പിന്നീട് കനത്ത സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വന്നത്.
വരുമാന വിഹിതം വൻതോതിൽ ഇടിഞ്ഞതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബസ് ഉച്ചയ്ക്ക് 2.30-നുള്ള സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഈ റൂട്ടിലെ കനത്ത സാമ്പത്തിക ബാധ്യത കാരണമാണ് സർവീസ് മുടങ്ങിയതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടും പിഴ ഒഴിവാക്കാൻ അവർ തയ്യാറായില്ലെന്ന് ബസ് ഉടമ ആരോപിച്ചു. അതേസമയം, ഉച്ചസമയത്ത് ബസ് സർവീസ് നടത്താത്തതിനെതിരെ ഓൺലൈൻ വഴി യാത്രക്കാരുടെ പരാതി ലഭിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പരിശോധനകൾ നടത്തിയ ശേഷമാണ് നിയമപ്രകാരം പിഴ ചുമത്തിയതെന്നുമാണ് എംവിഡി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.