Image

ഇന്‍സ്റ്റഗ്രാം പരസ്യങ്ങൾ വഴി കുട്ടികളുടെ അശ്ലീല ദൃശ്യ വിപണനം; കേന്ദ്ര ഇടപെടൽ, മെറ്റയ്ക്ക് നോട്ടീസ്

Published on 03 July, 2026
ഇന്‍സ്റ്റഗ്രാം പരസ്യങ്ങൾ വഴി കുട്ടികളുടെ അശ്ലീല ദൃശ്യ വിപണനം; കേന്ദ്ര ഇടപെടൽ, മെറ്റയ്ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്നതായി ബിബിസി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിന്റെ സ്വന്തം പരസ്യ മോഡറേഷന്‍ സാങ്കേതികവിദ്യയുടെ അനുമതിയോടെയാണ് ഈ പരസ്യങ്ങള്‍ ആപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന കണ്ടെത്തല്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ബിബിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദ്ദേശപ്രകാരം മെറ്റ അധികൃതരെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

​ബിബിസിയുടെ രഹസ്യ അന്വേഷണം പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങൾ

​ബിബിസി വേള്‍ഡ് സര്‍വീസ് നടത്തിയ അന്വേഷണത്തില്‍, ഇന്‍സ്റ്റഗ്രാമിലെ പരസ്യങ്ങളില്‍ 'ബലാത്സംഗ വിഡിയോ', 'ചൈല്‍ഡ് വിഡിയോ' തുടങ്ങിയ വാക്കുകള്‍ പരസ്യമായി ഉപയോഗിച്ചിരിക്കുന്നതായി കണ്ടെത്തി. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ ടെലഗ്രാം ചാനലുകളിലേക്ക് എത്തിക്കുകയും, അവിടെ വെറും 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

​വിഷയത്തിന്റെ തീവ്രത മനസിലാക്കാൻ ബിബിസി നടത്തിയ രഹസ്യ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്:

• ​ഉപയോക്താക്കള്‍ സെര്‍ച്ച് ചെയ്തില്ലെങ്കിലും ലൈംഗിക സൂചനയുള്ള ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റഗ്രാം മുന്നോട്ട് വയ്ക്കുന്നുണ്ടോ എന്നറിയാൻ ബിബിസി ഒരു വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു.

• ​സ്ത്രീകളുടെയും സമാന സ്വഭാവമുള്ളതുമായ പത്തോളം അക്കൗണ്ടുകളെ പിന്തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഫീഡിൽ ലൈംഗികാധിഷ്ഠിത പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു.

​• കുട്ടികളെ ഉൾപ്പെടുത്തിയുള്ള അശ്ലീല സൂചനകളുള്ള മുപ്പതോളം പരസ്യങ്ങളും, അശ്ലീല ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട ഇരുപതിലേറെ പരസ്യങ്ങളും ഈ അക്കൗണ്ടിൽ കാണാൻ കഴിഞ്ഞു.

​ഗുരുതരമായ നിയമലംഘനം ചൂണ്ടിക്കാട്ടി ഇത്തരം ഒരു പരസ്യം ഇന്‍സ്റ്റഗ്രാമിന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, അത് തങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് കമ്പനി ആദ്യം നൽകിയത്.

​പഴുതുകളടയ്ക്കാൻ കഴിയാതെ മെറ്റയും ടെലഗ്രാമും

​ഇന്ത്യയില്‍ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കങ്ങളുടെ വിതരണം കടുത്ത ക്രിമിനൽ കുറ്റമാണ്. മെറ്റയുടെ സ്വന്തം നയപ്രകാരവും ഇത്തരം പരസ്യങ്ങൾ അനുവദനീയമല്ല. ബിബിസി പ്രതികരണം തേടിയതിനെ തുടർന്ന് ചില പരസ്യങ്ങള്‍ നീക്കം ചെയ്തതായും അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതായും മെറ്റ അറിയിച്ചു.

​"ഒരു സംവിധാനവും പൂര്‍ണമല്ല. എല്ലാ നയലംഘനങ്ങളും കണ്ടെത്താന്‍ പരിശോധനാ സംവിധാനത്തിന് കഴിഞ്ഞെന്ന് വരില്ല," എന്നാണ് മെറ്റയുടെ വിശദീകരണം.

​സംശയകരമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിൽ 2025ല്‍ 40 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായി മെറ്റ അവകാശപ്പെടുന്നു. അതേസമയം, കുട്ടികളെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 2.74 ലക്ഷത്തിലധികം ഗ്രൂപ്പുകളും ചാനലുകളും 2026ല്‍ നീക്കം ചെയ്തതായി ടെലഗ്രാമും വ്യക്തമാക്കി.

​ഇന്ത്യ നേരിടുന്നത് വലിയ വെല്ലുവിളി

​കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ കേസുകളില്‍ ഇന്ത്യ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. 2025ല്‍ മാത്രം രാജ്യത്ത് 19 ലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയ്ക്ക് ശേഷം ഇത്തരം കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

​മെറ്റയുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് ഏറ്റവും കൂടുതൽ മുന്നറിയിപ്പുകൾ ലഭിക്കുന്നതെന്ന് തെലങ്കാന സൈബര്‍ സുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ശിഖ ഗോയല്‍ വ്യക്തമാക്കി. എന്നാൽ ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള മെറ്റയുടെ അൽഗൊരിതം മികച്ചതായത് കൊണ്ടാണ് കൂടുതൽ അലേർട്ടുകൾ വരുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികള്‍ക്കെതിരായ ഇത്തരം അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയുന്നതിനായി രാജ്യങ്ങൾ തമ്മിലുള്ള വിവര കൈമാറ്റവും ആഗോള സഹകരണവും അടിയന്തരമായി ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക