
പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു 'സമഗ്രമായ ഓഡിററിംഗ്' നടത്താൻ ഡെമോക്രാറ്റുകൾ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ചരിത്രത്തിൽ ഏറ്റവുമധികം പണം വാരിക്കൂട്ടിയ പ്രസിഡന്റാണ് ട്രംപ് എന്നവർ ചൂണ്ടിക്കാട്ടുന്നു. അതിൽ അഴിമതിയുണ്ടെന്ന് ആരോപിക്കയും ചെയ്യുന്നു.
ആരോപണം ട്രംപ് ബുധനാഴ്ച്ച അസന്നിഗ്ദ്ധമായി നിഷേധിച്ചിരുന്നു.
'ആക്‌സിയോസ്' റിപ്പോർട്ടിൽ പറയുന്നതനുസരിച്ചു ഡെമോക്രാറ്റുകൾ ആരോപിക്കുന്നത് ഇങ്ങിനെയാണ്: 2024 തിരഞ്ഞെടുപ്പ് ജയിച്ച ശേഷം ട്രംപ് തന്റെ അധികാരം ഉപയോഗിച്ചു ബില്യണുകൾ വാരിക്കൂട്ടി എന്നു മാത്രമല്ല കുടുംബത്തിനും സുഹൃത്തുക്കൾക്കും ഡോണർമാർക്കും പണം പങ്കു പറ്റാൻ അവസരം നൽകുകയും ചെയ്തു.
നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയം കൊയ്താൽ ട്രംപിനും കൂട്ടർക്കും നിരന്തരം അന്വേഷണം നേരിടേണ്ടി വരും. 'സപ്പീനകളിൽ അവരെ മുക്കും' എന്നാണ് ആക്‌സിയോസ് ഭാഷ്യം.
$2.2 ബില്യൺ ആസ്തികൾ
ട്രംപിന്റെ $2.2 ബില്യൺ ആസ്തികൾ ആയിരിക്കും അന്വേഷണത്തിന് അടിസ്ഥാനം. 2025ൽ അദ്ദേഹത്തിനു സ്വത്തു കുമിഞ്ഞു കൂടാൻ സഹായിച്ച എല്ലാ സംരംഭങ്ങളും അവർ തലനാരിഴ കീറി പരിശോധിക്കും.
ട്രംപ് അധികാരമേറ്റ ശേഷം ജനിച്ച അദ്ദേഹത്തിന്റെ ക്രിപ്റ്റോ ബിസിനസ് $1.2 ബില്യൺ കൊണ്ടുവന്നു എന്നു പറയുമ്പോൾ ഒരൊറ്റ വർഷം കൊണ്ട് അദ്ദേഹം പതിറ്റാണ്ടുകൾ കൊണ്ടു പടുത്തുയർത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസിനെ അതു മറികടന്നു എന്നതാണു കാണേണ്ടത്.
പ്രസിഡന്റിന്റെ ചുറ്റിലും നിന്നു മിന്നുന്നവരെ ഡെമോക്രാറ്റുകൾ ലക്‌ഷ്യം വയ്ക്കുന്നു. കുടുംബാംഗങ്ങൾ ഉൾപ്പെടെ. അവരെക്കൊണ്ടു പ്രതിജ്ഞയെടുത്തു മൊഴി പറയിപ്പിക്കാൻ സാധിക്കും.
ട്രംപും മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഉൾപ്പെട്ട വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന ക്രിപ്റ്റോ കമ്പനിയിൽ ഒരു എമിറേറ്റി രാജകുടുംബാംഗം രഹസ്യമായി $500 മില്യൺ നിക്ഷേപിച്ചതായി ആരോപണമുണ്ട്.
ഡോണൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ്, എന്നിവർക്കും കോമേഴ്‌സ് സെക്രട്ടറി ഹൊവാഡ് ലുട്നിക്കിന്റെ മക്കൾക്കും പങ്കുള്ള 14 കമ്പനികൾ നിർണായ ധാതു ഇടപാടുകൾക്കു $8.9 ബില്യൺ ഫെഡറൽ സഹായം തേടിയതായി ആരോപണമുണ്ട്.
മിഡിൽ ഈസ്റ്റ് സമാധാന ചർച്ചകളിൽ പങ്കെടുക്കുന്ന ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്‌നർ ഗൾഫ് ഭരണകൂടങ്ങളിൽ നിന്നു ബില്യണുകൾ അടിച്ചു കൂട്ടി എന്നതാണ് മറ്റൊരു ആരോപണം.
Democrats plan to target Trump over alleged corruption