
കോഴിക്കോട്: രാജ്യത്ത് രണ്ട് പതിറ്റാണ്ടിലേറെയായി നിലവിലുണ്ടായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ തൊഴിലുറപ്പ് പദ്ധതിയാണ് വിബി ജി റാം ജി. വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) എന്നതാണ് പദ്ധതിയുടെ പൂർണരൂപം. 2026 ജൂലൈ 1 മുതലാണ് ഈ പുതിയ നിയമം രാജ്യത്തുടനീളം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്. 'വികസിത ഇന്ത്യ @2047' എന്ന ലക്ഷ്യം മുൻനിർത്തി ഗ്രാമീണ വികസനവും തൊഴിലും കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
വിബി ജി റാം ജി പദ്ധതിയുടെ ഭാഗമായി തൊഴിൽ ദിനങ്ങൾ 125 ആയി ഉയർത്തി. പഴയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു സാമ്പത്തിക വർഷം പരമാവധി 100 ദിവസത്തെ തൊഴിലായിരുന്നു ഉറപ്പായിരുന്നത്. എന്നാൽ പുതിയ പദ്ധതിയിൽ അത് 125 ദിവസമായി വർധിപ്പിച്ചു. ഇത് ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾക്ക് കൂടുതൽ വരുമാന സുരക്ഷിതത്വം നൽകും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം വേതന നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. ദേശീയതലത്തിൽ ശരാശരി പ്രതിദിന വേതനം 298.8 രൂപയിൽ നിന്ന് 327.4 രൂപയായി ഉയർത്തി. കേരളത്തിൽ നിലവിലെ ദിവസവേതനം 401 രൂപയായി വർധിച്ചിട്ടുണ്ട്.
പഴയ പദ്ധതിയിൽ തൊഴിലാളികളുടെ കൂലി ചെലവ് 100 ശതമാനവും കേന്ദ്ര സർക്കാരാണ് വഹിച്ചിരുന്നതെങ്കിൽ പുതിയ നിയമപ്രകാരം കൂലിചെലവിൻ്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം അതത് സംസ്ഥാന സർക്കാരുകളും വഹിക്കണം. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 100 ശതമാനവും കേന്ദ്രം തന്നെ വഹിക്കും. കൂലി വിതരണം ആഴ്‌ചയിലൊരിക്കലോ അല്ലെങ്കിൽ പരമാവധി 15 ദിവസത്തിനകമോ ബാങ്ക് അക്കൗണ്ടുകൾ വഴി പൂർത്തിയാക്കണം.
വിളവിറക്കുന്നതിനും കൊയ്ത്തിനും മറ്റുമുള്ള പ്രധാന കാർഷിക സീസണുകളിൽ ഗ്രാമീണ മേഖലകളിൽ തൊഴിലാളികളുടെ ക്ഷാമം ഉണ്ടാകാതിരിക്കാൻ ഒരു വർഷത്തിൽ ആകെ 60 ദിവസം വരെ പദ്ധതി നിർത്തിവയ്‌ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്. ഈ ഇടവേള കഴിഞ്ഞ് ബാക്കിയുള്ള ദിവസങ്ങളിലായി തൊഴിലാളികൾക്ക് 125 ദിവസത്തെ ജോലി ഉറപ്പാക്കും.
വെറുതെ മണ്ണുമാന്തൽ ജോലികൾ ചെയ്യുന്നതിന് പകരം ഗ്രാമങ്ങളിൽ ശാശ്വതമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന 318-ഓളം പ്രവൃത്തികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ പ്രധാനമായും നാലായി തിരിച്ചിരിക്കാം.
പഴയ പദ്ധതിയിൽ വ്യക്തികളുടെ സ്വകാര്യ കൃഷി ഭൂമിയിൽ കാടുവെട്ടിത്തെളിക്കാനും നിലമൊരുക്കാനും അനുമതിയുണ്ടായിരുന്നെങ്കിലും പുതിയ പദ്ധതിയിൽ സ്വകാര്യ ഭൂമിയിലെ ഇത്തരം ജോലികൾ അനുവദിക്കില്ല. എന്നാൽ പൊതുയിടങ്ങളിലെ ജോലികൾക്കും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള വീട് നിർമാണ ജോലികൾക്കും അനുമതിയുണ്ടാകും.
2005-ൽ പാസാക്കിയ നിയമപ്രകാരം നിലവിൽ വന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച സാമൂഹിക ക്ഷേമ പദ്ധതിയായ മഹാത്മാഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിൽ ചെയ്യാനുള്ള അവകാശം നിയമപരമായി ഉറപ്പുനൽകിയിരുന്നു.
ഗ്രാമീണ മേഖലയിലെ കുടുംബത്തിന് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ വേതനത്തോടുകൂടിയ തൊഴിൽ ഉറപ്പാക്കിയിരുന്നു. ഗ്രാമങ്ങളിലെ കുളങ്ങൾ, റോഡുകൾ, കിണറുകൾ, മണ്ണ്-ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ആകെ തൊഴിലാളികളിൽ കുറഞ്ഞത് മൂന്നിലൊന്ന് സ്ത്രീകളായിരിക്കണം എന്ന് നിയമമുണ്ടായിരുന്നു.