
കൊച്ചി: ഭൂട്ടാൻ വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ നടപടിക്ക് കസ്റ്റംസ്. നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കുമെന്നാണ് റിപ്പോർട്ട്. ഭൂട്ടാൻ വഴി എത്തിച്ച നാല് വാഹനങ്ങൾ കൂടി ദുൽഖറിന്റെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
നേരത്തെ, ദുൽഖറിന്റെ നാല് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ദുൽഖറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് പ്രിവൻറീവ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. അന്ന് 7 മണിക്കൂറോളമാണ് ദുൽഖറിനെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിൽ ദുൽഖർ നൽകിയ മൊഴി കസ്റ്റംസ് പൂർണമായും വിശ്വാസത്തിലെടുത്തിരുന്നില്ല. തുടർന്ന് കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ ദുൽഖറിന്റെ പക്കൽ നാല് വാഹനങ്ങൾ കൂടി ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ദുൽഖറിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തേക്കും കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ യൂണിറ്റുകളുടെ സഹായവും തേടിയിട്ടുണ്ടെന്നാണ് വിവരം. ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കേസ് കൂടുതൽ ഊർജ്ജിതമാക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.