
ന്യൂ യോർക്കിൽ യുഎൻ ആസ്ഥാനത്തിനു സമീപം സ്വയം തീ കൊളുത്തിയ ടിബറ്റൻ ആക്ടിവിസ്റ്റ് മരണമടഞ്ഞു. ചൈന അധിനിവേശം നടത്തിയ ടിബറ്റിൽ അടിച്ചമർത്തലിനു വഴിയൊരുക്കുന്ന പുതിയ നിയമം ബെയ്‌ജിംഗിൽ പാസാക്കിയതിനു പിന്നാലെയാണ് അതിൽ പ്രതിഷേധിച്ചു വ്യാഴാഴ്ച്ച വൈകിട്ടു ലോബ്‌ഗ റാങ്സെൻ ജീവനൊടുക്കിയത്.
'Promoting Ethnic Unity and Progress Law' എന്ന ചൈനയുടെ നിയമം ആഗോള വിമർശനം ഉയർത്തിയിരുന്നു. ടിബറ്റൻ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്യുന്ന വീഡിയോ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കയറ്റിയിരുന്നു.
പൊള്ളലേറ്റ നിലയിൽ ബെല്ലെവ്യൂ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും റാങ്സെന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ടിബറ്റിലെ വഷളായി കൊണ്ടിരിക്കുന്ന മാനുഷികാവസ്ഥയെ കുറിച്ചു ലോകത്തിന്റെ ശ്രദ്ധ പതിയണമെന്നു ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഇന്റർനാഷനൽ കാമ്പെയ്ൻ ഫോർ ടിബറ്റ് പ്രസിഡന്റ് ടെൻചോ പറഞ്ഞു. അടിച്ചമർത്തി കൂട്ടിച്ചേർക്കുന്ന ചൈനയുടെ നയത്തിനു അവരെ ഉത്തരവാദികളായി ലോകം കാണണം.
ബുധനാഴ്ച്ച ടിബറ്റൻ സമൂഹങ്ങൾ ലോകമൊട്ടാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Tibetan activist kills self, immolating near UN