
കൊച്ചി: മുന്നറിയിപ്പ് ഇല്ലാതെ കൊച്ചിയില്‍ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടതായി പരാതി. കോറോ ഹെല്‍ത്ത് എന്ന യുഎസ് ആസ്ഥാനമായ സ്ഥാപനമാണ് തൊഴിലാളികളെ കാരണം അറിയിക്കാതെ പിരിച്ചുവിട്ടത്. ജീവനക്കാര്‍ രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് പിരിച്ചുവിട്ടെന്ന വിവരം അറിഞ്ഞത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കമ്പനി തൊള്ളായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടത്. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ അടക്കുകയും ചെയ്തു. സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടതിനെത്തുടർന്ന് പിരിച്ചുവിടൽ മരവിപ്പിച്ചിട്ടുണ്ട്.
മൂന്ന് മാസത്തിനുള്ളില്‍ കോമ്പന്‍സേഷന്‍ നല്‍കാമെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ മുന്‍പ് പിരിച്ചുവിടല്‍ നേരിട്ടവര്‍ക്ക് പോലും തുക ലഭിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രതിഷേധം ശക്തമായതോടെ ഉമ തോമസ് എംഎൽഎ, മന്ത്രി സണ്ണി ജോസഫ്, ലേബർ കമ്മിഷണൻ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി കമ്പനി അധികൃതരുമായി സംസാരിച്ചു.
ചർച്ചയ്ക്കൊടുവിൽ പിരിച്ചുവിടൽ മരവിപ്പിച്ചതായി കമ്പനി അറിയിച്ചു. ഒരു പരിഹാരം ഉണ്ടാവും വരെ ജീവനക്കാർക്ക് പഴയതുപോലെ ജോലിക്കെത്താമെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. കമ്പനി അടച്ച് പൂട്ടുന്നത് സംബന്ധിച്ച് തുടർ ചർച്ചകൾക്ക് ശേഷമേ തീരുമാനമുണ്ടാവൂ എന്ന് അധികൃതർ അറിയിച്ചു.
ആറാം തീയതി കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. അതുവരെ തൽസ്ഥിതി തുടരാനാണ് തീരുമാനമായത്. തൊഴിൽമന്ത്രി വിഷയത്തിൽ ഇടപെട്ടെന്നും ആറാം തീയതി തിരുവനന്തപുരത്ത് തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് ചർച്ച നടക്കുകയെന്നും ഉമ തോമസ് വ്യക്തമാക്കി.