
വാഷിങ്ടൺ ഡി.സി.: അമേരിക്കയുടെ 250-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ-അമേരിക്കൻ സമൂഹം രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും നൽകിയ നിർണായക സംഭാവനകൾ അടയാളപ്പെടുത്തുന്ന '250 @ 250: ദി ഇന്ത്യൻ അമേരിക്കൻ സ്റ്റോറി' എന്ന പ്രത്യേക ഡിജിറ്റൽ ശേഖരം ഇന്ത്യാസ്പോറ (Indiaspora) ജൂലൈ 2-ന് പുറത്തിറക്കി.
സംരംഭകത്വം, ദേശീയ സേവനം, ശാസ്ത്ര-സാങ്കേതികവിദ്യ, വിദ്യാഭ്യാസം, രാഷ്ട്രീയം, സംസ്കാരം, വൈദ്യശാസ്ത്രം, കല തുടങ്ങിയ 15-ലധികം മേഖലകളിലായി ഇന്ത്യൻ-അമേരിക്കൻ സമൂഹം കൈവരിച്ച 250 സുപ്രധാന നാഴികക്കല്ലുകളാണ് ഈ ശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രശസ്തമായ നേട്ടങ്ങൾക്കൊപ്പം അധികം ശ്രദ്ധിക്കപ്പെടാത്ത ചരിത്രസംഭാവനകളും ഈ പദ്ധതിയിലൂടെ മുന്നിലെത്തിക്കുന്നതായി ഇൻഡിയാസ്പോറ വ്യക്തമാക്കി. ആദ്യകാല ഇന്ത്യൻ കുടിയേറ്റ സംരംഭകരിൽ നിന്ന് ഇന്നത്തെ സാങ്കേതികവിദ്യ, ഭരണകൂടം, വൈദ്യശാസ്ത്രം, വ്യവസായം, പൊതുസേവനം തുടങ്ങിയ മേഖലകളിലെ നേതാക്കളിലേക്കുള്ള ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ വളർച്ചയും ഈ ഡിജിറ്റൽ ശേഖരം രേഖപ്പെടുത്തുന്നു.
ചരിത്രപരമായ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും അവലോകനങ്ങളും ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയതെന്ന് സംഘടന അറിയിച്ചു. പ്രധാന നേട്ടങ്ങൾ മാത്രമല്ല, അതിന് പിന്നിലെ വ്യക്തിത്വങ്ങളെയും ആദരിക്കുന്നതാണീ സംരംഭത്തിന്റെ ലക്ഷ്യം.
അമേരിക്കൻ സമൂഹത്തിന്റെ അവിഭാജ്യഘടകമായി ഇന്ത്യൻ-അമേരിക്കക്കാർ രാജ്യത്തിന്റെ ശാസ്ത്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വളർച്ചയിൽ നൽകിയ സംഭാവനകളുടെ ആഘോഷമാണ് ഈ പദ്ധതി എന്നും ഇൻഡിയാസ്പോറ വിശേഷിപ്പിച്ചു.
വൈദ്യശാസ്ത്രരംഗത്തെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സംഭാവനകൾ പദ്ധതിയിൽ പ്രത്യേകമായി എടുത്തുകാട്ടുന്നു. 1886-ൽ പാശ്ചാത്യ വൈദ്യശാസ്ത്ര ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതയായ ആനന്ദിബായി ഗോപാൽ ജോഷി മുതൽ അമേരിക്കയുടെ ദേശീയ പൊതുജനാരോഗ്യ നയരൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച വിവേക് മൂർത്തി വരെയുള്ള നേട്ടങ്ങൾ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ്-19 മഹാമാരിക്കാലത്തെ സേവനങ്ങൾ, CRISPR ജീൻ തെറാപ്പി, ശ്വാസകോശാർബുദ പരിശോധന തുടങ്ങിയ ഗവേഷണ-നവീകരണ രംഗങ്ങളിലെ സംഭാവനകളും ഇതിൽ പ്രതിപാദിക്കുന്നു.
"ഇന്ത്യൻ-അമേരിക്കക്കാർ അമേരിക്കയിൽ ഒരു സ്ഥാനം കണ്ടെത്തുക മാത്രമല്ല, അമേരിക്കയുടെ ചരിത്രത്തെ രൂപപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചു. ശാസ്ത്രം, വിദ്യാഭ്യാസം, ബിസിനസ്, പൊതുസേവനം തുടങ്ങി വിവിധ മേഖലകളിൽ അംഗീകാരത്തിനുവേണ്ടിയല്ല, മറിച്ച് ഈ രാജ്യം സ്വന്തം നാടാണെന്ന ബോധ്യത്തോടെയാണ് അവർ പ്രവർത്തിച്ചത്," എന്ന് ഇൻഡിയാസ്പോറ സ്ഥാപകനും ചെയർമാനുമായ എം.ആർ. രംഗസ്വാമി പറഞ്ഞു.
"ഇന്ത്യൻ-അമേരിക്കൻ സമൂഹം ചരിത്രത്തെ അസാധാരണമായ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ആ കഥകളെ ആഘോഷിക്കുകയും വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്യാനാണ് '250 @ 250' പദ്ധതി. സ്വന്തം ചരിത്രം അറിയുന്ന ഒരു സമൂഹം കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറുകയും സമൂഹത്തിന് കൂടുതൽ സംഭാവന നൽകുകയും ചെയ്യും," എന്ന് ഇൻഡിയാസ്പോറ എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് ജോഷിപുര അഭിപ്രായപ്പെട്ടു.
ഇന്ത്യൻ വംശജരായ ആഗോള നേതാക്കളെ ഒരുമിച്ച് കൊണ്ടുവന്ന് ജീവകാരുണ്യം, സംരംഭകത്വം, പൗരപങ്കാളിത്തം, സാമൂഹിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെ 2012-ൽ സ്ഥാപിതമായ ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഇൻഡിയാസ്പോറ. അമേരിക്കയുടെ 250 വർഷത്തെ ചരിത്രത്തിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സംഭാവനകൾ വിശദമായി അവതരിപ്പിക്കുന്ന ഇന്ററാക്ടീവ് വെബ്സൈറ്റും പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.