
ഇറാന്റെ ഉന്നത നേതാക്കളെ വധിക്കാൻ ഇസ്രയേൽ നീക്കം നടത്തുന്നു എന്നു യുഎസ് ടെഹ്‌റാനു താക്കീതു നൽകിയെന്നു റിപ്പോർട്ട്. യുഎസുമായി സമാധാന ചർച്ച നയിക്കുന്ന ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, പാർലമെൻറ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ് എന്നിവരെയാണ് ഇസ്രയേൽ ലക്‌ഷ്യം വച്ചതെന്നു യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്‌തു.
ഇസ്രയേലിന്റെ ലക്‌ഷ്യം നടന്നിരുന്നെങ്കിൽ യുഎസ്-ഇറാൻ ചർച്ചകൾ അലസിപ്പോയേനെ. ഇറാന് യുഎസ് നൽകാൻ ഉദ്ദേശിച്ച ഇളവുകളെ എതിർത്തിരുന്ന ഇസ്രയേൽ അവരെ യുദ്ധം കൊണ്ടു അടിച്ചു തീർക്കുക തന്നെ വേണം എന്ന നിലപാടിൽ ആയിരുന്നു. അതേ സമയം, നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നേരിടുന്ന പ്രസിഡന്റ് ട്രംപിനു യുദ്ധം അവസാനിക്കേണ്ടത് അത്യാവശ്യമായിരുന്നു.
അറാഗ്ചിയും ഗാലിബഫും പ്രായോഗിക സമീപനമുള്ള നേതാക്കളെന്നാണു യുഎസ് കരുതുന്നത്. അതു കൊണ്ടു ചർച്ചകളിൽ വിട്ടുവീഴ്ചകൾക്ക് അവർ തയ്യാറാവും എന്ന പ്രതീക്ഷയുമുണ്ട്. അവരെ തീർത്തു കളഞ്ഞാൽ ചർച്ചകൾ തന്നെ അസാധ്യമാകും.
അതു കൊണ്ട് ഇറാന് താക്കീതു നൽകാൻ മിഡിൽ ഈസ്റ്റിലെ സഖ്യരാജ്യങ്ങളോട് യുഎസ് നിർേദശിച്ചു.
യുദ്ധം ആരംഭിച്ച ഫെബ്രുവരി 28നു പരമാധികാരി ആയത്തൊള്ള അലി ഖമേനായി ഉൾപ്പെടെയുള്ള നേതാക്കളെ വധിക്കാൻ യുഎസ് ഇസ്രയേലിനു കൂട്ടു നിന്നു. എന്നാൽ യുദ്ധലക്ഷ്യങ്ങൾ മാറിയതോടെ യുഎസ് സമീപനം മാറ്റി.
ഇറാന്റെ ഭരണകൂടത്തെ അട്ടിമറിക്കുക, മിസൈൽ പ്രോഗ്രാം തകർക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ നടക്കില്ലെന്ന് യുഎസ്-ഇറാൻ ധാരണകൾ പുറത്തു വന്നപ്പോൾ ഇസ്രയേലിനു ബോധ്യമായി. ഇറാനു ബില്യൺ കണക്കിനു ഡോളർ വിട്ടുകിട്ടുമെന്നും വ്യക്തമായി.
2025നു ശേഷം ഗാലിബഫിനെ വധിക്കാൻ ഇസ്രയേൽ രണ്ടു തവണ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2025ൽ 12 ദിവസം നീണ്ട യുദ്ധത്തിനിടയിൽ ആയിരുന്നു ആദ്യം. പിന്നീട് ഈ വർഷത്തെ യുദ്ധത്തിലും. രണ്ടു തവണയും അദ്ദേഹത്തെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു രക്ഷപെടുത്തുകയാണ് ചെയ്തത്.
കഴിഞ്ഞ മാസം പാക്കിസ്ഥാനിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി ചർച്ച നടത്തി ടെഹ്‌റാനിലേക്കു പറക്കുമ്പോൾ ഗാലിബഫിനെ വധിക്കാൻ ഇസ്രയേൽ വിമാനം തകർക്കുമെന്നു യുഎസിനു വിവരം കിട്ടി. രണ്ടു ഇസ്രയേലി വിമാനങ്ങൾ അതിനു വേണ്ടി ഇറാന്റെ വ്യോമാതിർത്തിയിൽ കടന്നു. അടിയന്തര നിർദേശം ലഭിച്ചതിനെ തുടർന്നു ഇറാന്റെ വിമാനം മഷാദ് നഗരത്തിൽ ഇറക്കി. അവിടന്ന് ഗാലിബഫ് റോഡ് മാർഗമാണ് ടെഹ്‌റാനിലേക്കു പോയത്.
എന്നാൽ ഇറാൻ വിറച്ചില്ലെന്നു വ്യക്തം. മേയിൽ ഗാലിബഫും അറാഗ്ചിയും ചർച്ചകൾക്കായി സ്വിറ്റ്‌സർലൻഡിലേക്കു യാത്ര ചെയ്തു.
Israel planned to kill Iran leaders involved in talks