Image

പത്താം ക്ലാസുകാരന്റെ വാട്ടര്‍ബോട്ടിലില്‍ ചാരായം ; പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന് രണ്ടാനച്ഛൻ

Published on 03 July, 2026
പത്താം ക്ലാസുകാരന്റെ വാട്ടര്‍ബോട്ടിലില്‍ ചാരായം ; പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന് രണ്ടാനച്ഛൻ

കോഴിക്കോട്: താമരശ്ശേരിയില്‍ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ  നാടകീയ തിരിവ്. കേസിലെ പ്രധാന പ്രതിയായ പത്താംക്ലാസ് വിദ്യാർത്ഥിയുടെ രണ്ടാനച്ഛൻ പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ അധികൃതർക്ക് സാധിക്കാത്തതാണ് ഇയാൾക്ക് രാജ്യം വിടാൻ വഴിയൊരുക്കിയതെന്ന ആക്ഷേപം നാട്ടുകാർക്കിടയിൽ ശക്തമാണ്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നിയമനടപടികൾ വൈകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

പ്രതിയുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും ഇയാളുടെ ഉടമസ്ഥതയിലുള്ള രഹസ്യ വാറ്റ് കേന്ദ്രത്തിൽ നിന്നും വൻ വ്യാജമദ്യ ശേഖരമാണ് എക്സൈസ് സംഘം നേരത്തെ കണ്ടെടുത്തത്. പരിശോധനയിൽ തോട്ടത്തിൽ ഒളിപ്പിച്ച നിലയിൽ 56 കുപ്പി ചാരായവും വാറ്റ് കേന്ദ്രത്തിൽ നിന്ന് 220 കുപ്പി വ്യാജമദ്യവുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇത്രയും വലിയ മദ്യശേഖരം കണ്ടെത്തിയിട്ടും പ്രതിയെ നിരീക്ഷണത്തിലാക്കാൻ സാധിക്കാത്തതാണ് പോലീസിന് വലിയ തിരിച്ചടിയായത്. ഇതിന് പിന്നാലെയാണ് ഇന്നലെ ഇയാൾ വിദേശത്തേക്ക് കടന്നതായി എക്സൈസ് അധികൃതർക്ക് വിവരം ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക