
തൃശൂര്‍: നിയമസഭയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍ നടത്തിയ 'റിവേഴ്സ് റെമിറ്റന്‍സ്' പ്രസ്താവനയ്‌ക്കെതിരെ കവി സച്ചിദാനന്ദന്‍. പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണെന്നും തികച്ചും ലജ്ജാകരമായ പ്രസ്താവന പിന്‍വലിക്കണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചും നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പരാമർശത്തിനെതിരെയാണ് സച്ചിദാനന്ദൻ രംഗത്തുവന്നത് . പുറത്തു നിന്നുവരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. അവർ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലം ആണ് അവർക്ക് നാം നല്‍കുന്നത്, അതും ഇവിടെ നിലവിലുള്ള നിരക്കില്‍ മാത്രം, ചിലപ്പോൾ അതിലും കുറവും- സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
കുടുംബം പുലര്‍ത്താന്‍ ആണ് അവർ നാടു വിട്ട് ഇവിടെ വന്നു പണിഎടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും മുഖ്യമന്ത്രി ഓർക്കണമായിരുന്നു. തികച്ചും ലജ്ജാകരമായ പ്രസ്താവനയാണ് വി ഡി സതീശൻ നടത്തിയതെന്നും, പിന്‍വലിക്കേണ്ടതാണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
കേരളത്തിലെ നിർമാണ മേഖലയിലാകെ ഇതരസംസ്ഥാന തൊഴിലാളികളാണെന്നും, കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ 'റിവേഴ്സ് റെമിറ്റൻസ്' ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നിലവിൽ 40 മുതൽ 50 ലക്ഷം വരെ ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ടെന്നും, അവർ ഇവിടെ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കുന്നതെന്നും, മദ്യപാനത്തിലൂടെ സർക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരിൽ നിന്നുള്ള പ്രധാന വരുമാനമെന്നും മുഖ്യമന്ത്രി പരാമർശിച്ചിരുന്നു.
കേരളം ഇപ്പോള്‍ ഒരു ഇരട്ട പ്രതിസന്ധി നേരിടുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിദേശത്തുനിന്ന് പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്ന 'റിവേഴ്‌സ് മൈഗ്രേഷനും' , പണം ഉള്ളിലേക്ക് വരുന്നതിന് പകരം സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകുന്ന 'റിവേഴ്‌സ് റെമിറ്റന്‍സും' കേരളത്തിലെ കുടുംബ ബജറ്റുകളെയും സംസ്ഥാന സമ്പദ്വ്യവസ്ഥയെയും ഒരേപോലെ തകര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ അപകടകരമായ പ്രവണത സര്‍ക്കാര്‍ തിരിച്ചറിഞ്ഞ് അടിയന്തരമായി ഇടപെടേണ്ടത് അനിവാര്യതയായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു.