
ഡൽഹി: കർശന സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തിയ നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവുകൾ കണ്ടെത്തിയത് വലിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. പരീക്ഷയുടെ ഫിസിക്‌സ് ചോദ്യപേപ്പറിലാണ് രണ്ട് പ്രധാനപ്പെട്ട പിഴവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരു ചോദ്യത്തിന് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ശരിയുത്തരം ലഭ്യമല്ല, മറ്റൊരു ചോദ്യത്തിന് ആകട്ടെ രണ്ട് ഉത്തരങ്ങൾ ശരിയായി നൽകിയിട്ടുമുണ്ട്.
ഇതിനെത്തുടർന്ന് മൂല്യനിർണ്ണയത്തിൽ മാറ്റങ്ങൾ വരുത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിർബന്ധിതരായിരിക്കുകയാണ്. 22-ാമത്തെ ചോദ്യത്തിന് നൽകിയിട്ടുള്ള മൂന്നാമത്തെയും നാലാമത്തെയും ഉത്തരങ്ങൾ ശരിയായി പരിഗണിക്കാനാണ് തീരുമാനം. അതേസമയം, ഉത്തരം കണ്ടെത്താൻ സാധിക്കാത്ത 40-ാമത്തെ ചോദ്യം മൂല്യനിർണ്ണയത്തിൽ നിന്ന് ഒഴിവാക്കാൻ എൻടിഎ തീരുമാനിച്ചു. ഈ ചോദ്യത്തിന് പകരം എല്ലാ വിദ്യാർത്ഥികൾക്കും നാല് മാർക്ക് ബോണസായി ലഭിക്കും.
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മെയ് മൂന്നിലെ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ വലിയ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇത്തവണ പുനഃപരീക്ഷ നടത്തിയത്. 51,311 ജാമറുകൾ ഉപയോഗിച്ചും, സിസിടിവി നിരീക്ഷണത്തിലൂടെയും പരീക്ഷാ തട്ടിപ്പുകൾ തടയാൻ എൻടിഎ ശ്രമിച്ചിരുന്നു. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകർക്ക് പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കുകയും, ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെ എംഐ-17 ഹെലികോപ്റ്ററുകളിൽ ചോദ്യപേപ്പറുകൾ രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിരുന്നത്. എന്നിട്ടും പരീക്ഷാ പേപ്പറിൽ പിഴവുകൾ സംഭവിച്ചത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.