Image

അദാനി വിഷയത്തിലും പ്ലീഡർ നിയമനത്തിലും ഭിന്നത; കോൺഗ്രസിൽ ആഭ്യന്തര ചർച്ച വേണം, കെപിസിസി പ്രസിഡന്റിന് കത്തുമായി കെ.സി വേണുഗോപാൽ പക്ഷം

Published on 03 July, 2026
അദാനി വിഷയത്തിലും പ്ലീഡർ നിയമനത്തിലും ഭിന്നത; കോൺഗ്രസിൽ ആഭ്യന്തര ചർച്ച വേണം, കെപിസിസി പ്രസിഡന്റിന് കത്തുമായി കെ.സി വേണുഗോപാൽ പക്ഷം

തിരുവനന്തപുരം: വിഴിഞ്ഞം-അദാനി വിവാദം ഉൾപ്പെടെ സംസ്ഥാനത്ത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ അടിയന്തരമായി കെപിസിസി നേതൃയോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് കത്തുനൽകി. പ്ലീഡർ നിയമനം മുതൽ അദാനി വിഷയം വരെ നിലവിൽ ഉയർന്നുവന്നിട്ടുള്ള എല്ലാ നിർണായക നയപരമായ കാര്യങ്ങളും പാർട്ടി നേതൃയോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഹൈക്കമാൻഡ് പ്രതിനിധിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിന്റെ കടുത്ത അനുയായിയായ അഭിലാഷ് കത്തുമായി രംഗത്തെത്തിയത് കെപിസിസി നേതൃത്വത്തിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്.

​വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട അദാനി വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളും ചേരിതിരിവുകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കത്ത് എന്നതും ശ്രദ്ധേയമാണ്. പുതിയ സർക്കാർ രൂപീകരിച്ച ശേഷം കഴിഞ്ഞ മാസം ആറാം തീയതിയായിരുന്നു അവസാനമായി കെപിസിസി യോഗം ചേർന്നത്. പ്രധാനപ്പെട്ട നയപരമായ വിഷയങ്ങളും സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളും സംയുക്തമായി ആലോചിക്കാൻ അന്ന് പാർട്ടി-സർക്കാർ ഏകോപന സംവിധാനം ഉണ്ടാക്കുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും അത് ഫലപ്രദമായി മുന്നോട്ടുപോയിട്ടില്ലെന്ന വികാരമാണ് കത്തിലൂടെ പ്രകടമാകുന്നത്.

​അദാനി വിവാദത്തിന് പുറമെ കരിമണൽ ഖനന വിഷയത്തിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിലും പാർട്ടിയിൽ നേരത്തെ തന്നെ ഭിന്നസ്വരങ്ങൾ ശക്തമായിരുന്നു. കരിമണൽ വിഷയത്തിൽ ദേശീയ നയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ മുന്നോട്ടുപോകാനാകൂവെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കിയപ്പോൾ, തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിനെതിരെ കെപിസിസിയിലെ ഒരു വിഭാഗം നേതാക്കൾ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ പാർട്ടിയിലെ ആഭ്യന്തര ജനാധിപത്യവും ഐക്യവും വീണ്ടെടുക്കാൻ അടിയന്തര യോഗം അനിവാര്യമാണെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക