
കൊച്ചി: മുൻനിര നടന്റെ പണം തട്ടിയെടുത്തെന്നും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ പങ്കാളിയായെന്നുമുള്ള ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഗായകൻ ഹനാൻ ഷാ രംഗത്ത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. യാഥാർത്ഥ്യം തിരിച്ചറിയാതെയാണ് പലരും വാർത്തകൾ നിർമ്മിക്കുന്നതെന്നും, നിരപരാധിത്വം തെളിയിക്കാൻ വ്യാജ പ്രചാരണം നടത്തുന്ന വ്യക്തികൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഹനാൻ ഷാ അറിയിച്ചു.
താൻ അഭിനയിച്ച സിനിമയിലെ സഹപ്രവർത്തകനായ നടനെ ബ്ലാക്ക്‌മെയിൽ ചെയ്ത സംഭവത്തിൽ സഹായിക്കുക മാത്രമാണ് ചെയ്തതെന്ന് ഹനാൻ ഷാ വിശദീകരിച്ചു. സിനിമയുടെ ഷൂട്ടിങ് സെറ്റിലായിരുന്നപ്പോൾ 'ഇനറ്റ് കാസറ്റ്' (Enet Cassette) ഹക്കീം എന്നയാൾ നടനെതിരെ ഒരു സ്ത്രീവിഷയം ഉന്നയിച്ച് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരുന്നു. ഹക്കീമിനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്തിരുന്ന ഏക വ്യക്തി താനായതിനാലും, നടനും മാനേജർക്കും ഹക്കീമിനെ നേരിട്ട് ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനാലും അവർ തന്നെ സമീപിക്കുകയായിരുന്നു. നടൻ നിരപരാധിയാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താൻ ഹക്കീമുമായി സംസാരിച്ച് മധ്യസ്ഥതയ്ക്ക് ശ്രമിച്ചതെന്നും ഹനാൻ വ്യക്തമാക്കി.
വിവാദ പോസ്റ്റ് ഒഴിവാക്കാനും സ്ത്രീയുടെ പരാതി പിൻവലിപ്പിക്കാനും ഹക്കീം 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം നടനെ അറിയിക്കുകയും അവരുടെ സമ്മതപ്രകാരം 10 ലക്ഷം രൂപ നേരിട്ടും, ബാക്കി 15 ലക്ഷം രൂപ എടപ്പാളിലെ സുഹൃത്തായ സവാദിന്റെ അക്കൗണ്ട് വഴിയും ഹക്കീമിന് കൈമാറുകയായിരുന്നു. ഈയൊരു സാമ്പത്തിക ഇടപാടിനപ്പുറം തനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും, പണം തട്ടിയെടുത്തതായി നടന് തനിക്കെതിരെ പരാതിയില്ലെന്നും ഹനാൻ ഷാ പറഞ്ഞു. തങ്ങൾ ഇപ്പോഴും നല്ല സൗഹൃദത്തിലാണെന്നും സിനിമയുടെ പ്രൊഡ്യൂസർ ഷെരീഫ്, സുഹൃത്ത് സവാദ് എന്നിവരെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴച്ചവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.