
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചിരുന്ന എല്ലാ ഗൾഫ് സർവീസുകളും എയർ ഇന്ത്യ എക്‌സ്‌പ്രസ് പൂർണ്ണതോതിൽ പുനരാരംഭിച്ചു. ഒമാനിലെ സലാല, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം മുതൽ സർവീസ് പുനഃസ്ഥാപിച്ചത്. യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ കഴിഞ്ഞ മാസം തന്നെ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചിരുന്നു.
യുഎഇയിലെ സ്കൂളുകൾ വേനലവധി പ്രമാണിച്ച് ഇന്ന് അടയ്ക്കുന്ന പശ്ചാത്തലത്തിൽ, വിമാന സർവീസുകൾ പൂർവ്വസ്ഥിതിയിലായത് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പ്രവാസി മലയാളി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. നിലവിൽ യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലെ 13 പ്രധാന സെക്ടറുകളിലേക്കാണ് എയർ ഇന്ത്യ എക്സ്‍പ്രസ് സർവീസ് നടത്തുന്നത്. യാത്രാ ക്ലേശം പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
പുനരാരംഭിച്ചവയിൽ കോഴിക്കോട്-സലാല സർവീസ് ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുകയെന്ന് എയർലൈൻ അറിയിച്ചു. ഇതോടൊപ്പം കോഴിക്കോട്-കുവൈത്ത് സർവീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്ന മസ്കറ്റ്-മംഗളൂരു, ബെംഗളൂരു-കുവൈത്ത് സർവീസുകളും കഴിഞ്ഞ ദിവസം മുതൽ യാത്രക്കാരുമായി പറന്നുതുടങ്ങി.