
കൊച്ചി: യുഎസ്-ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പടിഞ്ഞാറന്‍ ഏഷ്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കോഴിക്കോട് നിന്ന് ഒമാനിലെ സലാലയിലേക്കുള്ള സര്‍വീസ് വ്യാഴാഴ്ച പുനരാരംഭിച്ചു. കോഴിക്കോട് നിന്ന് കുവൈറ്റിലേക്കുള്ള സര്‍വീസ് വെള്ളിയാഴ്ച വീണ്ടും തുടങ്ങും. ബെംഗളൂരുവില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസ് ശനിയാഴ്ചയാണ് പുനരാരംഭിക്കുക. പത്രക്കുറിപ്പിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം അറിയിച്ചത്.
വരും ദിവസങ്ങളില്‍ ഘട്ടംഘട്ടമായി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. ആഴ്ചയില്‍ രണ്ടു തവണയാണ് കോഴിക്കോട്-സലാല സര്‍വീസ്. തുടക്കത്തില്‍ ആഴ്ചയില്‍ ഒരുതവണയാണ് കോഴിക്കോട്-കുവൈറ്റ് സര്‍വീസ് ഉണ്ടാവുക. പിന്നീട് സര്‍വീസുകളുടെ എണ്ണം മൂന്നായി ഉയര്‍ത്തും. തുടക്കത്തില്‍ ആഴ്ചയില്‍ ഒരു തവണയാണ് ബെംഗളൂരു-കുവൈത്ത് സര്‍വീസ്. പിന്നീട് സര്‍വീസുകളുടെ എണ്ണം മൂന്നായി വര്‍ധിപ്പിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റു ബുക്കിങ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.
യുദ്ധത്തെ തുടര്‍ന്ന് ഫെബ്രുവരി 28നാണ് പടിഞ്ഞാറന്‍ ഏഷ്യയിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് താത്കാലികമായി നിര്‍ത്തിവച്ചത്.