
പുതിയ എയർ ഫോഴ്സ് വൺ വിമാനത്തിന്റെ ഉദ്‌ഘാടന പറക്കലിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു പ്രസിഡന്റ് ട്രംപ്. "ഒരു പക്ഷെ എക്കാലത്തെയും മികച്ച നിർമിതിയായ വാണിജ്യ വിമാനം" എന്നാണ് ഖത്തർ രാജവംശം സമ്മാനമായി നൽകിയ വിമാനത്തെ കുറിച്ചു ട്രംപ് പറഞ്ഞത്.
ടെഡി റൂസ്‌വെൽറ്റ് ലൈബ്രറി ഉദ്‌ഘാടനം ചെയ്യാൻ പുതിയ വിമാനത്തിൽ പറന്ന ട്രംപ് റിപോർട്ടർമാരോടു പറഞ്ഞു: "അമേരിക്കയുടെ അന്തസിനൊത്ത വിമാനം. കാലഹരണപ്പെട്ട പ്രസിഡൻഷ്യൽ വിമാനത്തിന് ഇനി വിശ്രമിക്കാം.
"ഞാൻ ബോയിങ്ങിനോടു ചോദിച്ചു ഏറ്റവും നല്ല വിമാനം ഏതാണെന്ന്. അവർ പറഞ്ഞു എക്കാലത്തെയും മികച്ച വിമാനം ഇതാണെന്ന്."
പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചു വിമാനം പരിഷ്‌കരിച്ചെന്നു ട്രംപ് പറഞ്ഞു. "വളരെ സങ്കീർണമായ ഏർപ്പാടുകൾ, പ്രസിഡന്റിന് ആവശ്യമായത്. വലിയ സംഭവം തന്നെ, അവരതു പൂർത്തിയാക്കി."
ഉപയോഗിച്ചു വന്ന എയർ ഫോഴ്സ് വൺ 35-36 വർഷം പഴകിയതായിരുന്നു എന്നു ട്രംപ് പറഞ്ഞു. "നമ്മുടെ രാജ്യത്തിന് അതു പോരായിരുന്നു. ഇതേക്കുറിച്ചു നമ്മുടെ രാജ്യത്തിന് അഭിമാനിക്കാം."
എന്തു വിലയായി എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "കാശു കൊടുത്തത് ഖത്തറാണ്. നമ്മെ ഏറെ ആദരിക്കുന്ന രാജ്യത്തിൻറെ സമ്മാനമാണിത്."
ബോയിങ് നിർമിക്കുന്ന പുതിയ എയർ ഫോഴ്സ് വൺ തയാറാവുന്നതു വരെ ഈ വിമാനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നു താൻ ദോഹയിൽ ചെന്നപ്പോൾ എമിറിനോടു പറഞ്ഞുവെന്നു ട്രംപ് ഓർമിച്ചു. "അദ്ദേഹം പറഞ്ഞു: 'ഇല്ല അങ്ങയുടെ രാജ്യത്തിന് ഇതു സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു."
Trump hails first flight of new Air Force One