
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാനുള്ള പരമ്പരാഗത കേരളീയ വസ്ത്രധാരണരീതിയിൽ മാറ്റം വരുത്തുവാൻ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷേത്രഭരണ സമിതി. ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിച്ചതിനെത്തുടർന്ന് സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ചുരിദാർ അനുവദിക്കണമെന്ന അന്നത്തെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരെ നൽകിയ കേസ് തീർപ്പാക്കി.
എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരെ കേരള ബ്രാഹ്മണ സഭയുടെ മുൻ സംസ്ഥാന പ്രസിഡൻ്റ് പി. വെങ്കിട്ടരാമ അയ്യർക്കു വേണ്ടി അഡ്വ. സുജിനി വെങ്കിടാചലം സമർപ്പിച്ച ഹർജിയാണ് തീർപ്പാക്കിയത്. 2016 ലാണ് കേസ് നൽകിയത്.
ക്ഷേത്രത്തിൽ ലെഗ്ഗിന്‍സും ജീന്‍സും നിരോധിച്ചിട്ടുണ്ട്. ആചാരത്തിന്റെ പേരില്‍ ചുരിദാറിനു മുകളില്‍ മുണ്ടുടുപ്പിക്കുന്നതിനെതിരെയും അമിത തുക ഈടാക്കി ഉടുത്തതും പഴയതുമായ മുണ്ടുകള്‍ നല്‍കുന്നുവെന്നുമുള്ള പരാതികളും ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം സ്വദേശി അഡ്വ. റിയ രാജുവാണ് ചുരിദാറിട്ട് കയറാന്‍ അനുമതി വേണമെന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. റിട്ട് ഹര്‍ജി സെപ്തംബര്‍ 29ന് പരിഗണിച്ച ഹൈക്കോടതി, ഇക്കാര്യത്തില്‍ ഭക്തരുടെ അഭിപ്രായമാരാഞ്ഞ ശേഷം തീരുമാനമെടുക്കാന്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനുകൂല തീരുമാനം കൈക്കൊണ്ടത്.
ചുരിദാറിന്റെ മുകളില്‍ ഒരു നാട കെട്ടണമെന്നായിരുന്നു രാജകുടുംബ പ്രതിനിധിയുടെ നിര്‍ദേശം. ഭരണ സമിതിയുടെ പൊതു അഭിപ്രായം ചുരിദാറിനു മുകളില്‍ മുണ്ട് വേണമെന്നായിരുന്നു. ഇതെല്ലാം മറികടന്നാണ്
ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് 2016 നവംബർ 29 ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍. സതീഷ് ഉത്തരവിട്ടത്.
എന്നാല്‍ പിറ്റേന്ന് ഇങ്ങനെ എത്തിയവരെ ക്ഷേത്രം ഭാരവാഹികള്‍ തടഞ്ഞിരുന്നു. എക്‌സിക്യൂട്ടിവ് ഓഫിസറുടെ ഉത്തരവു ലഭിച്ചില്ലെന്നായിരുന്നു ഭാരവാഹികളുടെ വിശദീകരണം. ഉത്തരവു ലഭിച്ചിട്ടില്ലെന്നു സുരക്ഷാ ഉദ്യോഗസ്ഥരും അറിയിച്ചു.
പതിറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ വിശ്വാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ തല്‍സ്ഥിതി തുടരാന്‍ ക്ഷേത്ര ഭരണസമിതി ചെയര്‍മാന്‍ കൂടിയായ തിരുവനന്തപുരം ജില്ലാ ജഡ്ജി നവംബർ 30 ന് നിര്‍ദേശിച്ചു. ആചാരപരമായ കാര്യങ്ങള്‍ മാറ്റേണ്ടതില്ലെന്ന് ജില്ലാ ജഡ്ജി അറിയിച്ചതിനെത്തുടര്‍ന്നാണു റോഡ് ഉപരോധം അവസാനിപ്പിച്ചത്.
ചുരിദാര്‍ ധരിച്ചെത്തുന്നവരുടെ പ്രവേശനത്തെച്ചൊല്ലിയുള്ള പ്രതിഷേധം അനാവശ്യമെന്ന് പറഞ്ഞ എക്‌സിക്യൂട്ടീവ് ഓഫിസര്‍ പൊലീസിന്റെ സഹായം തേടുമെന്നും പ്രതിഷേധമുള്ളവര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു.