
തിരുവനന്തപുരം: കുടുംബശ്രീ മിഷന് കീഴിലെ 'ദീൻദയാൽ അന്ത്യോദയ യോജന-നാഷണൽ അർബൻ ലൈവ്‌ലിഹുഡ്‌സ് മിഷൻ' പദ്ധതിയിലെ 118 സ്ത്രീകൾ ഉൾപ്പെടെ 134 കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ജൂൺ 30-ഓടെ കാലാവധി അവസാനിച്ച ഇവരുടെ കരാർ പുതുക്കി നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതോടെയാണ് ജീവനക്കാർക്ക് ഒറ്റയടിക്ക് ജോലി നഷ്ടമായത്.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആദ്യ കൂട്ടപ്പിരിച്ചുവിടലാണിത്. ഇതോടെ വൻ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. സർക്കാരിന്റെ ഈ നീക്കം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷമായ എൽഡിഎഫ് ആരോപിച്ചു.
നാല് സ്റ്റേറ്റ് മിഷൻ മാനേജർമാർ, 20 സിറ്റി മിഷൻ മാനേജർമാർ, 89 കമ്മ്യൂണിറ്റി ഓർഗനൈസർമാർ, 20 മൾട്ടി-ടാസ്ക് ജീവനക്കാർ, ഒരു മിഷൻ എക്സിക്യൂട്ടീവ് എന്നിവരടങ്ങുന്ന തസ്തികകളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.