
കൊച്ചി: കൊച്ചി തുറമുഖത്തുനിന്ന് റെയില്‍ പാളം നഷ്ടപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ എറണാകുളം സൗത്ത് ആര്‍.പി.എഫ്.പിടികൂടി. വൈപ്പിന്‍ മുല്ലക്കല്‍ വീട്ടില്‍ പി.കെ. അഫ്സല്‍ (52), മട്ടാഞ്ചേരി പഴയവീട്ടില്‍ പി.ഐ. താജുദ്ദീന്‍ (63), അസം സ്വദേശി ചന്ദ്രശേഖര്‍ മാലിക് (46) എന്നിവരാണ് പിടിയിലായത്. ഇവര്‍ പാളം മുറിച്ചുകടത്തിയശേഷം ചെറുകഷണങ്ങളാക്കി വീണ്ടും മുറിച്ചുവില്‍ക്കാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്നാണ് ഇവരെ ആര്‍.പി.എഫ്. കസ്റ്റഡിയിലെടുത്തത്. ഉരുക്കുപാളത്തിന്റെ 400 കഷണങ്ങളും കടത്താനുപയോഗിച്ച ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. പാളങ്ങള്‍ മുറിക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടറും ലോറിയില്‍ നിന്ന് കണ്ടെടുത്തു. ട്രെയിന്‍ സര്‍വീസുകളില്ലാത്ത ഐലന്‍ഡ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് എറണാകുളം ഭാഗത്തേക്കുള്ള റെയില്‍പ്പാതയിലെ അരക്കിലോമീറ്ററോളം ഭാഗത്തെ പാളമാണ് നഷ്ടമായത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഈ മോഷണം നടന്നത്. ഇത് മുറിച്ച പാളങ്ങള്‍ തമിഴ്നാട്ടിലെ ആക്രിക്കടയില്‍ വില്‍പ്പന നടത്താന്‍ കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായതെന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.