
ബെംഗളൂരു: ബെംഗളൂരുവില്‍ നിയമവിരുദ്ധമായി താമസിച്ചുവന്ന പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികളെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസ് പിടികൂടി. യുവതികളെ ഉപയോഗിച്ച് അനാശാസ്യപ്രവര്‍ത്തനം നടത്തുന്നെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന സുഹാഗ് മന്‍സൂര്‍ അലി(29),
മുകുള്‍(32) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
യുവതികളെ ബെംഗളൂരുവിലെ ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന്‍ ഓഫീസിന് കൈമാറി. ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ബാനസവാടി, ഹെന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു പരിശോധന.
രണ്ടുമാസംമുന്‍പ് പശ്ചിമബംഗാള്‍ അതിര്‍ത്തിവഴിയാണ് 12 പേരും ഇന്ത്യയിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. ഒരുമാസമായി ബെംഗളൂരുവില്‍ താമസിച്ചുവരുകയായിരുന്നു. യുവതികളുടെ ചിത്രം ഓണ്‍ലൈന്‍ വഴി പ്രചരിപ്പിച്ച് ആവശ്യക്കാരുമായി ബന്ധപ്പെട്ട് അനാശാസ്യപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയായിരുന്നു.