Image

'തൂഫാന്‍' യോഗം വിളിക്കേണ്ട ചുമതല പോലീസിന് മാത്രം; കെ സുധാകരന്റെ ഇടപെടലിനെതിരെ ചെന്നിത്തല

Published on 30 June, 2026
'തൂഫാന്‍' യോഗം വിളിക്കേണ്ട ചുമതല പോലീസിന് മാത്രം; കെ സുധാകരന്റെ ഇടപെടലിനെതിരെ ചെന്നിത്തല

പൊലീസ് നടപടിയായ ‘ഓപ്പറേഷൻ തൂഫാന്’ ഐക്യദാർഢ്യം പ്രഖ്യാപിക്കാനെന്ന പേരിൽ കെ. സുധാകരൻ എം.പി കൊച്ചിയിൽ വിവാദ യോഗം വിളിച്ചതിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. കെ. സുധാകരന്റെ ഈ നീക്കത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി, കൊച്ചിയിൽ നടന്നത് യാതൊരു തരത്തിലും സർക്കാരിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ പരിപാടിയല്ലെന്ന് വ്യക്തമാക്കി. അത്തരമൊരു യോഗത്തെക്കുറിച്ച് തനിക്കോ ഡിസിസിക്കോ യാതൊരു അറിവുമില്ലെന്നും, സർക്കാർ സംവിധാനങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൃത്യമായ ആലോചനകളോടെ നടത്തുന്ന ഔദ്യോഗിക നടപടിയാണ് ഓപ്പറേഷൻ തൂഫാനെന്നും അതിന്റെ യോഗങ്ങൾ വിളിക്കേണ്ടത് പൊലീസാണെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. ആര് വിചാരിച്ചാലും ഓപ്പറേഷൻ തൂഫാനെ തകർക്കാൻ കഴിയില്ലെന്നും ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുപ്രസിദ്ധ ഗുണ്ടകളും ലഹരി-ക്രിമിനൽ കേസുകളിലെ പ്രതികളും പങ്കെടുത്ത യോഗത്തെ സർക്കാരിന്റെ ജനപക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രീകരിക്കാൻ ശ്രമിച്ചതാണ് ആഭ്യന്തര മന്ത്രിയെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ കെ. സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ യോഗം നടന്നത്. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസിലെ പ്രതി റിയാസ്, കുപ്രസിദ്ധ ഗുണ്ട പുലി നസീർ, ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങിയ വലിയൊരു ക്രിമിനൽ സംഘം യോഗത്തിൽ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക