Image

വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പ് വരുത്തണം , ഇല്ലെങ്കിൽ സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടും; കർണാടക മുഖ്യമന്ത്രി

Published on 30 June, 2026
വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പ് വരുത്തണം , ഇല്ലെങ്കിൽ സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടും; കർണാടക മുഖ്യമന്ത്രി

കർണാടകയിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് തുടക്കമായി. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, അല്ലാത്തപക്ഷം സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. വോട്ടവകാശം എന്നത് ജീവിക്കാനുള്ള അവകാശമാണെന്നും, പശ്ചിമബംഗാളിലേതുപോലെ മറ്റ് സംസ്ഥാനങ്ങളിലും അർഹരല്ലാത്തവരെ ഒഴിവാക്കാൻ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരശേഖരണത്തിനായി ബൂത്ത് ലെവൽ ഓഫീസർമാരുടെ ഭവനസന്ദർശനം ആരംഭിച്ചിട്ടുണ്ട്. കർണാടക കൂടാതെ മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഡൽഹി, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ഈ നടപടികൾ നടക്കുന്നുണ്ട്. ആകെ അഞ്ച് സംസ്ഥാനങ്ങളിലായി 19.78 കോടി വോട്ടർമാരാണ് പട്ടിക പരിഷ്കരണത്തിന് വിധേയരാകുന്നത്. ഈ വർഷം ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഈ അവസരം ഉപയോഗിക്കാം.

ബി.എൽ.ഒ.മാർ വീടുകളിലെത്തി നൽകുന്ന രണ്ട് പ്രത്യേക ഫോമുകൾ പൂരിപ്പിക്കണം. ഇതിൽ ഒന്ന് വോട്ടർക്ക് സൂക്ഷിക്കാവുന്നതാണ്. വീടുകളിൽ ആളില്ലാത്ത സാഹചര്യങ്ങളിൽ ബി.എൽ.ഒ.മാർ സ്റ്റിക്കറുകൾ പതിക്കുകയും, വോട്ടർമാർക്ക് ഫോൺ വഴി വിവരങ്ങൾ നൽകാനുള്ള സൗകര്യമൊരുക്കുകയും ചെയ്യും. ഒരേ വീട്ടിലെ മറ്റ് കുടുംബാംഗങ്ങൾക്ക് ഫോമുകൾ കൈമാറാൻ അനുവാദമുണ്ട്.

2002-ന് ശേഷം ആദ്യമായാണ് കർണാടകയിൽ ഇത്തരമൊരു വിപുലമായ വോട്ടർപട്ടിക പരിഷ്കരണം നടക്കുന്നത്. അന്ന് മൂന്ന് കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം ഇപ്പോൾ ഇരട്ടിയോളമായി വർധിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക