
പത്തനംതിട്ട: കേരളത്തിലാകെ ലഹരി വിരുദ്ധ ക്യാമ്പയ്‌ന്‍ -തൂഫാന്‍ ആഞ്ഞടിച്ചതോടെ പുറത്ത് വരുന്ന കഥകള്‍ ഏറെ വൈവിധ്യമുള്ളതാണ്. ലഹരി ഉപയോഗത്തിന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്നെ മറയാക്കിയ റാന്നിയിലെ യുവാവിന്‍റെ കഥയാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത് . നാട്ടിലാകെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ഓടിനടന്ന 'പോരാളി' യുടെ മുഖം മൂടിയാണ് ഇവിടെ അഴിഞ്ഞു വീണത്. നിരോധിത എംഡിഎംഎ വീട്ടില്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ആരുമറിയാതെ ബിസിനസ് നടത്തുകയും ചെയ്‌ത് പോന്ന യുവാവാണ് കൈയോടെ പിടിയിലായത്. ലഹരിക്ക് അടിമപ്പെട്ട യുവാക്കളെയെല്ലാം ഉപദേശിച്ചും ബോധവത്‌കരണം നല്‍കിയും നാട്ടില്‍ നല്ലവനായി നടിക്കുകയായിരുന്നു ഇയാള്‍.
ഞായറാഴ്‌ച ഉച്ച വരെ എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യന്‍ നാട്ടിലെ അറിയപ്പെടുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തകനായിരുന്നു. നാട്ടുകാര്‍ക്കൊക്കെ സ്വീകാര്യനായ യുവാവ്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സംഘാടകന്‍. പത്തനംതിട്ട പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ച് തുടങ്ങുന്നത്. വീട്ടില്‍ നിരോധിത മയക്ക് മരുന്നുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് റെയ്‌ഡിന് നിര്‍ദേശം നല്‍കുകയായിരുന്നു.
പെരുമ്പെട്ടി പൊലീസ് ഡാന്‍സാഫ് ടീമുമായിച്ചേര്‍ന്ന് വീട്ടില്‍ റെയ്‌ഡിനെത്തിയപ്പോഴും ഈ യുവാവ് ഭാവപ്പകര്‍ച്ചയൊന്നുമില്ലാതെ പൊലീസുമായി സഹകരിച്ചു.വീട്ടിലെത്തിയ അന്വേഷണ സംഘത്തെ കൂളായി തന്നെ മുറികളിലേക്ക് ആനയിച്ചു. എന്നാല്‍ അതിനിടെ പൊലീസിനെ വെട്ടിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമമാണ് ഡാന്‍സാഫ് സംഘത്തിന് സംശയം ബലപ്പെടുത്തിയത്. സ്വന്തം മുറിയാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ പൊലീസിനെ നയിച്ചത് വീട്ടിലെ മറ്റൊരു മുറിയിലേക്കായിരുന്നു. അത് ബോധ്യമായതോടെ മറ്റ് മുറികളും പൊലീസ് അരിച്ച് പരിശോധിച്ചു.
കൈമലയിലുള്ള വീട്ടില്‍ പത്തനംതിട്ട ഡാൻസാഫ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഷര്‍ഫിന്‍റെ മുറിയില്‍ പുസ്‌തകങ്ങള്‍ വച്ചതിനിടെ ഒരു രഹസ്യ അറ കണ്ടെത്തി. അതിലെ പുസ്‌തത്താളുകളില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് മാരക മയക്ക് മരുന്നായ എംഡിഎംഎ കണ്ടെത്തിയത്. സ്വന്തം ഉപയോഗത്തിനും ആവശ്യക്കാര്‍ക്ക് വേണ്ടിയുമായിരുന്നു ഈ കരുതിവയ്‌പ്പെന്ന് പിന്നീടുള്ള ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചു.
പുസ്‌തത്തിനുള്ളിലൊളിപ്പിച്ച നിലയില്‍ 1.590 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്. മയക്ക് മരുന്ന് മാത്രമല്ല, അത് ഉപയോഗിക്കാനായി സ്വന്തമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങളും സംഘം പിടിച്ചെടുത്തു. മയക്ക് മരുന്ന് ചൂടാക്കി വലിക്കാനുള്ള ഗ്ലാസ് പബ്ലറും ഫ്യൂവിങ് പൈപ്പുകളുമാണ് കണ്ടെത്തിയത്.
നേരത്തേയും മയക്ക് മരുന്ന് കേസുകളില്‍ പെട്ടിട്ടുള്ള ആളാണ് എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനെന്നും കേസില്‍ കുടുങ്ങുന്നത് ഇതാദ്യമായിട്ടല്ലെന്നും പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ജില്ലാ ഡാൻസാഫ് യൂണിറ്റും റാന്നി സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്ത ഈ 25കാരനെ പെരുമ്പട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു.