Image

ആശങ്ക ഒഴിഞ്ഞു; ട്രംപിന്റെ ജന്മാവകാശ പൗരത്വ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Published on 30 June, 2026
ആശങ്ക ഒഴിഞ്ഞു; ട്രംപിന്റെ ജന്മാവകാശ പൗരത്വ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

കുടിയേറ്റ സമൂഹങ്ങളിൽ ആശങ്ക ഉണർത്തിയ പ്രസിഡന്റ് ട്രംപിന്റെ ജന്മാവകാശ പൗരത്വ് ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 4-നു എതിരെ 5 ജഡ്ജിമാർ ആണ്  ഈ ചരിത്രപ്രധാനമായ തീരുമാനം എടുത്തത്

യുഎസ് മണ്ണിൽ ജനിക്കുന്ന മിക്കവാറും എല്ലാ കുട്ടികളും പൗരന്മാരാണെന്ന് ഭരണഘടന ഉറപ്പുനൽകുന്നു എന്ന ദീർഘകാല തത്വം കോടതി വീണ്ടും സ്ഥിരീകരിച്ചു.

രേഖകളില്ലാത്ത കുടിയേറ്റക്കാർക്കും താൽക്കാലിക വിദേശ താമസക്കാർക്കും ജനിക്കുന്ന കുഞ്ഞുങ്ങൾ സ്വയമേവ അമേരിക്കക്കാരാകുന്നത് തടയാൻ  ട്രംപ്  പുറപ്പെടുവിച്ച ഉത്തരവ്  അസാധുവായി.

ഭൂരിപക്ഷം പേർക്കുവേണ്ടി  ചീഫ് ജസ്റ്റിസ് ജോൺ ജി. റോബർട്ട്സ് ആണ്  വിധി പുറപ്പെടുവിച്ചത്. ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനയുടെ 14-ാം ഭേദഗതിയെ ലംഘിക്കുന്നുവെന്ന് വിധിയിൽ വ്യക്തമാക്കി. രേഖകളില്ലാത്തവരുടെയും  ​​താൽക്കാലിക ജോലിക്കു വന്നവരുടെയും ഇവിടെ ജനിക്കുന്ന മക്കൾ   ജന്മനാ പൗരന്മാരാണെന്ന്  വിധിയിൽ പറഞ്ഞു.

അന്നും ഇന്നും മറ്റ് അവകാശങ്ങൾ നേടാനുള്ള അവകാശം നൽകിയത് പൗരത്വമാണ്  - നമ്മുടെ രാഷ്ട്രീയ സമൂഹത്തിൽ സ്വതന്ത്രമായി പങ്കെടുക്കാനുള്ള അവകാശമായിരുന്നു അത്, ചീഫ് ജസ്റ്റിസ് റോബർട്ട്സ് എഴുതി. 14-ാം ഭേദഗതിയുടെ ശിൽപികൾ ആ അവകാശം ഈ നാട്ടിലെ സ്വതന്ത്രമായി ജനിച്ച ഓരോ വ്യക്തിക്കും നൽകി.

അദ്ദേഹം കൂട്ടിച്ചേർത്തു: “ഇന്ന് ഞങ്ങൾ ആ വാഗ്ദാനം പരിരക്ഷിക്കുന്നു.”

അമേരിക്കൻ പൗരത്വം ചിലർക്കായി പരിമിതപ്പെടുത്താനാണ് കോൺഗ്രസ് ഉദ്ദേശിച്ചിരുന്നതെങ്കിൽ, പതിന്നാലാം ഭേദഗതിയിൽ  അതിനനുസൃതമായ ഒന്നും  പറയുന്നില്ല.  എന്നാൽ പ്രസിഡന്ടിന്റെ എക്സിക്യൂട്ടീവ് ഉത്തരവിൽ പതിവായി പ്രത്യക്ഷപ്പെടുന്ന വാക്കുകൾ - 'അമ്മ,' 'അച്ഛൻ,' 'നിയമപരം,' 'താൽക്കാലികം' - എന്നെല്ലാമാണ്. അതൊന്നും പതിന്നാലാം ഭേദഗതിയിലില്ല. അതിനർത്ഥം അവ പ്രശ്നമായിരുന്നില്ല എന്ന് തന്നെയാണ്- ചീഫ് ജസ്റ്റീസ് എഴുതി

ട്രംപിന്റെ രണ്ടാം ടേമിന്റെ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വത്തിനായുള്ള നിയമപോരാട്ടം ആരംഭിച്ചതാണ്. അമേരിക്കൻ പൗരത്വത്തിന്റെ അർത്ഥവും മൂല്യവും സംരക്ഷിക്കൽ എന്ന തലക്കെട്ടിലുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവ്  ഒന്നാം ദിവസം തന്നെ   അദ്ദേഹം പ്രഖ്യാപിച്ചു.

അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇനി ജന്മാവകാശ പൗരത്വം നൽകില്ലെന്ന് അദ്ദേഹം ഉത്തരവിൽ പ്രഖ്യാപിച്ചു. പ്രത്യേകിച്ചും, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുട്ടികൾ   പൗരന്മാരായിരിക്കില്ല. അതുപോലെ  വിദ്യാർത്ഥി ആയോ  താൽക്കാലിക ജോലിക്കായോ   ടൂറിസ്റ്റുകളായോ   വന്നവരുടെ കുട്ടികളും  ഇനി പൗരന്മാരായിരിക്കില്ല എന്ന്  ട്രംപിന്റെ ഉത്തരവിൽ പറഞ്ഞു .

ഇവരൊന്നും അമേരിക്കൻ നിയമപരിധിയിൽ (ജൂറിസ്ഡിക്ഷൻ) വരുന്നില്ല എന്നാതാണ് ന്യായമായി പറഞ്ഞത്.

ഇതിനെതിരെ പൗരാവകാശ സംഘടനകൾ, കുടിയേറ്റ അഭിഭാഷക ഗ്രൂപ്പുകൾ, എന്നിവർ കേസ് ഫയൽ ചെയ്തു.  കേസുകൾ നടക്കുമ്പോൾ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത് കോടതി തടഞ്ഞിരുന്നു.

നിയമവിരുദ്ധമായോ താൽക്കാലികമായോ വന്നവരുടെ ഇവിടെ ജനിക്കുന്ന മക്കളും  തുല്യ അവകാശ പരിധിയിൽ വരുമെന്ന് കോടതി കണ്ടെത്തി. അവരുടെ പദവി മാറ്റാൻ ഭരണഘടനയിൽ മാറ്റം വരുത്തേണ്ടതുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക