
തിരുവനന്തപുരം: വർക്കല ചേന്നൻകോട് ഒറ്റൂരിൽ വയോധികരായ സ്ത്രീയെയും പുരുഷനെയും വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചേന്നൻകോട് സ്വദേശികളായ സുകുമാരൻ, ഓമന എന്നിവരാണ് മരണപ്പെട്ടത്. ഓമനയുടെ ഭർത്താവ് മുൻപ് മരണപ്പെട്ടിരുന്നു. ഭർത്താവിന്റെ സഹോദരനായ സുകുമാരനൊപ്പമായിരുന്നു ഓമന താമസിച്ചിരുന്നത്.
ഉച്ചയ്ക്ക് ഒന്നരമണിയോടെ ഇവരുടെ വീടിനുള്ളിൽ നിന്നും കനത്ത പുക വരുന്നത് കണ്ട് സമീപവാസികൾ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ ഫയർഫോഴ്സും കല്ലമ്പലം പോലീസും സ്ഥലത്തെത്തി തീ അണച്ചു. പ്രാഥമിക പരിശോധനയിൽ മണ്ണെണ്ണയോ അതിന് സമാനമായ മറ്റേതെങ്കിലും ദ്രാവകമോ ദേഹത്തൊഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കല്ലമ്പലം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.