Image

ജനവിശ്വാസം നഷ്ടപ്പെട്ടു, നീറ്റിലും മറ്റ് മത്സര പരീക്ഷകളിലും പരിഷ്‌കാരം വേണം; പ്രമേയം പാസാക്കി നിയമസഭ

Published on 30 June, 2026
 ജനവിശ്വാസം നഷ്ടപ്പെട്ടു, നീറ്റിലും മറ്റ് മത്സര പരീക്ഷകളിലും പരിഷ്‌കാരം വേണം; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റിലും (നീറ്റ്) മറ്റ് മത്സര പരീക്ഷകളിലും സമഗ്ര പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ആവര്‍ത്തിച്ചുണ്ടാകുന്ന ക്രമക്കേടുകള്‍ രാജ്യത്തെ പ്രവേശന പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ആണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷയിലെ ക്രമക്കേടുകള്‍, സാങ്കേതിക തകരാറുകള്‍, മൂല്യനിര്‍ണയത്തിലെ അപാകതകള്‍ എന്നിവയെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നീറ്റിലുള്ള ജനവിശ്വാസം തകര്‍ത്തതായി റോജി എം ജോണ്‍ പറഞ്ഞു. 

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദേശീയ പ്രവേശന പരീക്ഷയുടെ സുതാര്യത, നിഷ്പക്ഷത, സമഗ്രത എന്നിവയെക്കുറിച്ച് ഈ സംഭവവികാസങ്ങള്‍ ഗുരുതര ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. വിവാദങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിച്ചുവെന്നും ഇതിനോട് കൃത്യമായി പ്രതികരിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും മന്ത്രി വിമര്‍ശിച്ചു.

'മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്നത് നീറ്റ് പരീക്ഷയാണ്. പരീക്ഷയെച്ചൊല്ലിയുള്ള ആരോപണങ്ങളും അന്വേഷണങ്ങളും കോടതി ഇടപെടലുകളും വിവാദങ്ങളും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനത്തിനും ഇടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഗുരുതര വീഴ്ചകള്‍ പുറത്തുവന്നിട്ടും, കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും സ്ഥിതിഗതികളുടെ ഗൗരവം യഥാസമയം അംഗീകരിക്കാനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും തയ്യാറായില്ല,' -അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക