
രാജീവൻ കയ്യെത്തി ഫോൺ എടുത്തു മെസേജ് വല്ലതും ഉണ്ടോ എന്ന് നോക്കി. ഇല്ല, ആശുപത്രിയിൽ നിന്നും ആരും വിളിച്ചിട്ടില്ല. അപ്പോൾ വനജ സുഖമായി ഉറങ്ങിക്കാണണം. നന്നായി. മനസിലെ പിരിമുറുക്കത്തിന് അയവു വന്നു. അയാൾ ദീർഘമായി നിശ്വസിച്ചു ..
പിന്നെ എഴുന്നേറ്റു വാതിൽ തുറന്ന് ബാൽക്കണിയിലേക്ക് ഇറങ്ങി. നേരം വെളുത്തിരുന്നില്ല അപ്പോൾ. ഇരുട്ടിൻറെ ആവരണം നേർത്തു തുടങ്ങിയിരുന്നു എന്ന് മാത്രം. അരിച്ചുകയറുന്ന സുഖമുള്ള ചെറിയ തണുപ്പ് അന്തരീക്ഷത്തിനു ആകമാനം ഒരു ശാന്തത നൽകിയിരുന്നു.
കിടപ്പുമുറിയോടു ചേർന്നുള്ള ബാൽക്കണിയിൽ നിന്നും അയാൾ ടെറസിലേക്കു ഇറങ്ങി. ഒരുപാടുനാളായിരുന്നു അയാൾ അങ്ങോട്ടൊക്കെ ഇറങ്ങിയിട്ടും, അങ്ങനെ സമയം ചെലവഴിച്ചിട്ടും.
താഴെ വെട്ടിയൊരുക്കി സൂക്ഷിക്കുന്ന പൂന്തോട്ടത്തിലേക്ക് നോക്കി അയാൾ അൽപ നേരം നിന്നു. ഇരുട്ടിൽ ചെടികളും പൂക്കളും വ്യക്തമല്ല. എങ്കിലും അയാൾക്കറിയാമായിരുന്നു മനോജ്ഞമായ പൂക്കൾ പേറി ചെടികൾ തന്നെ നോക്കി തലയാട്ടുന്നുണ്ടെന്ന്. പെട്ടെന്ന് നേരം വെളുത്തെങ്കിൽ എന്നൊരു ആഗ്രഹം അയാൾക്കുണ്ടായി.
അയാൾ ടെറസിൻറെ മറ്റൊരു കോണിലേക്കു നടന്നു. രാജുവി ൻറെ വീട് അവിടെ നിന്നാൽ കാണാം. അവിടെ, രണ്ടാമത്തെ നിലയിലെ ഒരു മുറിയിൽ ലൈറ്റ് കത്തുന്നുണ്ടെന്നു അയാൾ കണ്ടു. 'ഇത്ര നേരത്തെ ആരാണാവോ, അവിടെ ഉണർന്നിരിക്കുന്നത് എന്നൊരു ചിന്ത അയാളുടെ മനസ്സിൽ വന്നു. അതിൻറെ തുടർച്ചയെന്നോണം പഴയ കാലത്തെ ചില ഓർമകളും….
താനും രാജുവും എബിയുമൊക്കെ സ്കൂളിൽ പഠിച്ചിരുന്ന കാലം... കമ്പൈൻഡ് സ്റ്റഡി എന്നും പറഞ്ഞു വെളുപ്പിന് ഉണർന്നെഴുന്നേറ്റു പരസ്പരം വിളിച്ചുണർത്തി... അയാളുടെ ശ്രദ്ധ പറമ്പിൻറെ പിന്നിലായി, മതിലിനടുത്തായി നിന്ന പേരമരത്തിലേക്കായി. എത്രയോ പ്രാവശ്യം ആ മരത്തിൽ പിടിച്ചു കയറി, അതിൻറെ നീണ്ടു കിടന്ന ശിഖരത്തിലൂടെ, മതിലിനപ്പുറത്തുള്ള രാജുവിൻറെ വീടിൻറെ ടെറസിലേക്കു ചാടിയിട്ടുണ്ട്. രണ്ടു വീടുകളുടെയും അതിരിനടുത്തായി വളർന്നു പന്തലിച്ച പേരമരങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നിൻറെ ശാഖകൾ ആയിരുന്നു രണ്ടു വീട്ടിലേയും കുട്ടികൾക്ക് അന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പോയിവരാനുള്ള വഴി.....
പിന്നെ ജോർജ്അച്ചായൻ കിടപ്പിലായപ്പോൾ രാജു ഗൗരവക്കാരനായ ഗൃഹനാഥനായി മാറിയപ്പോൾ അത്തരം വികൃതികൾ കുറഞ്ഞു. ഇതിനിടെയ്ക്ക് എപ്പോഴോ, വത്സ ആ മരത്തിൽ നിന്നും വീണു കയ്യൊടിയുകയും ചെയ്തു. അങ്ങനെ ആ കുറുക്കുവഴി ആരും ഉപയോഗിക്കാതെ ആയി. അധികം വൈകാതെ, രാജീവൻ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോകുകയും ചെയ്തു.
അന്ന് ഈ വീട് ഇത്ര വലുത് അല്ലായിരുന്നു. വീടുകൾ തമ്മിൽ ഇത്രയും അകലവും ഇല്ലായിരുന്നു. ഒരേ മരത്തിൻറെ ശിഖരങ്ങൾ പോലെ, ഒരു ശിഖരത്തിൽ നിന്ന് മറ്റൊരു ശിഖരത്തിലേക്കു ഊർന്നിറങ്ങാവുന്ന ദൂരം മാത്രം, അയാൾ ഓർത്തു. രാജീവന് ആ മരം ഇപ്പോഴും അവിടെ ഉണ്ടോ എന്ന് അറിയാൻ വല്ലാത്തൊരു കൗതുകം തോന്നി.
കിഴക്കേ മാനത്തു പുതിയ പ്രഭാതത്തിൻറെ ചുവപ്പു രാശി തെളിഞ്ഞു തുടങ്ങിയപ്പോൾ എവിടെയോ കിളികൾ ചിലച്ചു. ഒരു ദിവസം തുടങ്ങുകയാണ്. അപ്പുറത്തെ വീടിൻറെ ടെറസിലേക്കുള്ള വാതിൽ തുറന്നു ആരോ ഒരാൾ പുറത്തേക്കിറങ്ങി. ആ രൂപം അവിടെ നിന്നുകൊണ്ട് ചുറ്റും നോക്കി. പിന്നെ കയ്യിൽ കരുതിയിരുന്ന ചെറിയ ബൈനോക്കുലർ എടുത്തു അതിൽക്കൂടി ചുറ്റുപാടുകൾ കൃത്യമായി വീക്ഷിച്ചു തുടങ്ങി.
അത് ഒരു സ്ത്രീയാണെന്ന് രാജീവന് തോന്നി. എബിയുടെ വൈഫ്? ഇവൾ എന്താണ് ഈ ചെയ്യുന്നത് ? ബേർഡ്-വാച്ചിങ്? സർവസാധാരണമായ കാക്കയും, പ്രാവും, മാടത്തയും പിന്നെ ഒരു ഭംഗിയുമില്ലാത്ത കുറെ കരിയിലക്കിളികളും അല്ലാതെ, ഒരു പക്ഷി നിരീക്ഷകയെ ആകർഷിക്കാൻ പോന്ന എന്ത് കിളികളാണ് ഇവിടെ ഉള്ളത് എന്ന് മനസ്സിൽ ഉയർന്ന ചോദ്യം അയാളുടെ ചുണ്ടിൽ ഒരു കൊച്ചു ചിരി വരുത്തി.
കഴിഞ്ഞ ദിവസം അവരുടെ മുറ്റത്തു വെച്ചുണ്ടായ സംഭവം അയാൾ പെട്ടെന്ന് ഓർത്തു. എന്താണ് ഈ കുട്ടിക്ക് ? ഇവൾ എന്താണ്, ആരെയാണ് നിരീക്ഷിക്കുന്നത്? വനജ പറഞ്ഞതാണ് ശരി: ഷി മസ്റ്റ് ബി പാരനോയിഡ്. അപ്പോൾ ആ സംഭവത്തിൻറെ സത്യാവസ്ഥ അതാണ്. അത് എന്തായാലും, അവിടെ നിന്ന് അവൾക്കു അലോസരം ഉണ്ടാക്കേണ്ട എന്ന് കരുതിക്കൊണ്ടു അയാൾ വീടിനുള്ളിലേക്ക് കയറിപ്പോന്നു.
പ്രഭാത കൃത്യങ്ങൾക്കുശേഷം താഴെ വരുമ്പോൾ, സുഭദ്ര കാപ്പി തയ്യാറാക്കിയിരുന്നു. മേശപ്പുറത്തു അതിനടുത്തായി വലിയ പാത്രങ്ങളിൽ അപ്പവും, കറിയുമൊക്കെ പാക്ക് ചെയ്തു വെച്ചിരിക്കയും. ഒപ്പം കുട്ടികളുടെ ടിഫിൻ ബോക്സുകളിൽ അവർക്കു സ്കൂളിൽ കൊണ്ടുപോകാനുള്ള ലഞ്ചും.
'സർ കാപ്പി.' സുഭദ്ര കാപ്പി കപ്പിലേക്കു പകർന്നു.
രാജീവൻ പാത്രങ്ങളിലേക്ക് നോക്കുന്നത് കണ്ടുകൊണ്ടു സുഭദ്ര പറഞ്ഞു: 'അമ്മച്ചിക്കും കുഞ്ഞുങ്ങൾക്കും ഉള്ളതാ. അമ്മച്ചിയുടെ ഡ്രൈവർ ഇപ്പോൾ വരും. '
വനജയുടെ ഒന്ന് രണ്ടു നൈറ്റ് ഡ്രെസുകളും അതോടൊപ്പം അവൾ പൊതിഞ്ഞു വെച്ചിരുന്നു.
'കൊച്ചമ്മയ്ക്കു ഉടുപ്പ് അമ്മച്ചി ആശുപത്രിയിൽ പോകുമ്പോൾ കൊടുക്കാമെന്നു പറഞ്ഞു.'
'ങും...' രാജീവൻ മൂളി.
അയാൾ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ബെല്ലടിച്ചു. കയ്യിൽ കാപ്പികപ്പുമായി അയാൾ ചെന്ന് ഫോൺ എടുത്തു. അങ്ങേത്തലക്കൽ ബാലചന്ദ്രനായിരുന്നു.
'ഗുഡ് മോർണിംഗ് രാജീവ്. താൻ ഹോസ്പിറ്റലിലേക്ക് പോകുന്നതിനു മുൻപ് പിടിക്കാനാണ് ഇത്ര നേരത്തെ വിളിച്ചത്’
ബാലചന്ദ്രൻ മുഖവുരയായി പറഞ്ഞു.
'ഗുഡ് മോർണിംഗ്. എന്താ ബാലു..'
'ഇന്നലത്തെ സംഭവം. വനജ പറയുന്നത് അങ്ങനെയങ്ങു തള്ളിക്കളയേണ്ടാ. വി ഫൗണ്ട് സംതിങ്... എ ഹെയർ ബാൻഡ് ...'
'ഹെയർ ബാൻഡോ? '
'യെസ്. മുടി കണ്ണിലേക്കു വീഴാതെ പുറകോട്ടു പിടിച്ചു വെക്കാൻ, ഈ ടെന്നീസ് കളിക്കാർ ഇടുന്നതു കണ്ടിട്ടില്ലേ? ക്യാൻ ഇറ്റ് ബി വനജാസ്?'
'എനിക്ക് തോന്നുന്നില്ല. എന്നാലും ചോദിച്ചു നോക്കാം.’
'രാജീവ്...' ബാലു വീണ്ടും വിളിച്ചു.
'പിന്നെ, അന്ന് കുരുവിളയുടെ ഓഫീസിനടുത്തു കണ്ട കാർ ഇന്നലെ ഈ സംഭവം നടക്കുമ്പോൾ നിങ്ങളുടെ ഏരിയയിൽ ഉണ്ടായിരുന്നു. കോ-ഇൻസിഡൻസ് ആകാം. നിങ്ങളുടെ അയൽക്കാരിയെ കാണാൻ വന്നതാവാം. കഴിയുമെങ്കിൽ അവരോടു ഒന്ന് അന്വേഷിച്ചേക്കൂ. ഞാനും ഫോളോ അപ് ചെയ്തോളാ...'
'ങും...' രാജീവൻ മൂളി.
'രാജീവാ, വനജയോട് ആർക്കെങ്കിലും പുരുഷനോ, സ്ത്രീയോ ആകട്ടെ, വിരോധം ഉണ്ടോ?'
'ഏയ്... എന്തിന്? ഐ ഡോണ്ട് നോ...'
'താൻ കമലയോടു ഒരു ഊമക്കത്തിൻറെ കാര്യം പറഞ്ഞിരുന്നില്ലേ? അത് കയ്യിലുണ്ടോ?’
‘ഞാൻ അത് വലിച്ചു കീറിക്കളഞ്ഞു. ഊമക്കത്ത് ആര് മൈൻഡ് ചെയ്യാൻ?’ ‘അങ്ങനെ വില കുറച്ചു കാണരുത് ..’ ബാലു ചിരിച്ചു. ‘അങ്ങനെ ഒരു കത്ത് ട്രെയ്സ് ചെയ്യുന്നതല്ലേ ഇ-മെയിലോ, ഫോൺ കോളോ, ഇന്നുള്ള ഏതു മാർഗവും ട്രെയ്സ് ചെയ്യുന്നതിലും പ്രയാസം?'
രാജീവൻ ഒന്നും മിണ്ടിയില്ല
‘അത് ടൈപ്പ് ചെയ്തതായിരുന്നോ അതോ കൈ കൊണ്ട് എഴുതിയതായിരുന്നോ, ഓർക്കുന്നുണ്ടോ...?' ബാലു ചോദിച്ചു.
'പ്രിന്റ് ചെയ്ത വാക്കുകൾ എവിടുന്നോ മുറിച്ചെടുത്തു ചേർത്തുവെച്ചിരിക്കയായിരുന്നു.. . .'
' അതിരിക്കട്ടെ, യു ഹാവ് എനി ബിസിനസ് റൈവൽസ്? ഹു കുഡ് ബി ഗെറ്റിംഗ് അറ്റ് യു ത്രൂ ഹേർ?'
'വാട്ട് ഡു യു മീൻ?'
'കച്ചവടത്തിന് കുഴപ്പം ഒന്നുമില്ലല്ലോ, അല്ലേ ?'
'എൻറെ അറിവിൽ ഇല്ല...'
'ചോദിച്ചെന്നു മാത്രം. ശരി രാജീവാ. രാവിലെ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചോ? എങ്ങനെയിരിക്കുന്നു വനജ?' ബാലു ചോദിച്ചു.
'ഷി ഈസ് ഫൈൻ. രാത്രിയിൽ നന്നായി ഉറങ്ങി. രാവിലെ അങ്ങോട്ട് പോകണം.'
'ഓകെ.. കാര്യങ്ങൾ നടക്കട്ടെ, ബൈ...' ബാലു ഫോൺ വെച്ചു.
രാജീവൻ ഫോൺ കയ്യിൽ പിടിച്ചു കുറച്ചു നേരം അനങ്ങാതെ ഇരുന്നു. ആരുടേതാവും ആ ഹെയർ ബാൻഡ്? വനജയ്ക്കു ഒരു ശത്രുവോ? അതെന്തായാലും, ഇന്നലെ ഇവിടെ ആരോ വന്നിരുന്നു. ആര്? എന്തിന്?
രാജീവൻറെ മനസ്സിൽ മറ്റൊരു സാധ്യത തെളിഞ്ഞു വരികയായിരുന്നു. വത്സ, പണ്ടൊക്കെ ബാഡ്മിന്റൺ കളിയ്ക്കാൻ പോകുമ്പോൾ അവൾ അത്തരം ഹെയർ ബാൻഡുകൾ ഉപയോഗിക്കാറുണ്ടായിരുന്നു. താനില്ലാത്തപ്പോൾ അവൾ ഇവിടെ വരാറുണ്ടോ? വത്സ മമ്മയെ കാണാറുണ്ടെന്നു തനിക്കറിയാം. അതുപോലെ അവൾ ഇവിടെയും വരാറുണ്ടോ? സോമനെ ഓഫീസിൽ നിയമിച്ചതിനെ വനജ എതിർത്തത് അയാൾ ഓർത്തു....
പക്ഷേ, അവൾ വനജയെ അപകടപ്പെടുത്തുമോ? …
Read More: https://www.emalayalee.com/writer/69