
കോഴിക്കോട്: ആനക്കാംപൊയിൽ സമീപം പതങ്കയത്ത് ഇരുവഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി. മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലിനെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. ബംഗളൂരുവിൽ നിന്നും പതിനൊന്ന് അംഗസംഘമാണ് പതങ്കയത്ത് സന്ദർശനത്തിന് എത്തിയത്. ഇവരെ കൊണ്ടുവന്ന ഗൈഡ് ആണ് ഷിബിൽ.
ടൂറിന് എത്തിയ സംഘം പാറക്കെട്ടുകൾ നിറഞ്ഞ പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായി. അതോടെ ഇവർ ഒഴുക്കിൽപ്പെട്ടു. ഈ സമയം ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കുന്നതിന് ഷിബിൽ കുലംകുത്തി ഒഴുകുന്ന പുഴയിലേക്ക് ഇറങ്ങി. അതിനിടയിൽഇവരുടെ ബഹളം കേട്ട് പ്രദേശവാസികളും ഓടിയെത്തി. ഇവരുടെ സഹായത്തോടെ പുഴയിൽ അകപ്പെട്ടവരെ എല്ലാം കരയ്ക്ക് എത്തിച്ചു. എന്നാൽ ഷിബിലിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.
മുക്കം ഫയർ യൂണിറ്റിൻ്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ഷിബിലിനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്. നേരത്തെയും നിരവധി തവണയാണ് ഇവിടെ വിനോദസഞ്ചാരികൾ ഒഴുക്കിൽ പെട്ടത്. ഏറനാൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് പലരുടെയും മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചത്. എന്നാൽ ഒഴുക്കിൽപ്പെട്ട ചിലരുടെ മൃതദേഹം കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷവും ഒരു വിദ്യാർത്ഥിയെ ഇതിന് സമീപത്ത് ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം ഏറെ ദൂരെ നിന്നും പുഴയിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.