Image

എഫ്.സി.ആർ.എ ഭേദഗതികൾ ക്രൈസ്തവ സഭകളെ ലക്ഷ്യം വച്ചുള്ളതല്ല; രാജീവ് ചന്ദ്രശേഖർ

Published on 27 June, 2026
എഫ്.സി.ആർ.എ ഭേദഗതികൾ ക്രൈസ്തവ സഭകളെ ലക്ഷ്യം വച്ചുള്ളതല്ല; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.എ) ഭേദഗതികൾ ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും, കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ മാത്രമുള്ളതാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എഫ്.സി.ആർ.എ ഭേദഗതികളുമായി ബന്ധപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകൾ ഉന്നയിച്ച ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് ഈ വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കിയെന്നും, ഇതിലൂടെ ബി.ജെ.പിക്ക് ലഭിക്കേണ്ടിയിരുന്ന വലിയൊരു വിഭാഗം ക്രൈസ്തവ വോട്ടുകൾ നഷ്ടമായെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഭേദഗതികൾ കൊണ്ടുവന്നതെന്ന ആരോപണം അദ്ദേഹം പൂർണമായും തള്ളി.

എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട സംഘടനകൾക്കും എഫ്.സി.ആർ.എ പ്രകാരം വിദേശ സംഭാവനകൾ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്ന യാതൊന്നും ഈ ഭേദഗതികളിൽ ഇല്ല. വിദേശ ഫണ്ടുകൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നത് തടയുക എന്നത് മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദേശ ഫണ്ട് ഉപയോഗിക്കുന്നത് തടയാൻ നിയമം കർശനമാക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമഭേദഗതിയുമായി ബന്ധപ്പെട്ട് യഥാർഥ ആശങ്കകളുള്ള സംഘടനകൾ അനാവശ്യ ഭീതി പടർത്തുന്നതിന് പകരം കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി നേരിട്ട് ചർച്ച നടത്താൻ തയാറാകണം. ബില്ലിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാനും ചർച്ചകൾ നടത്താനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഒരുക്കാൻ താൻ തയാറാണ്. ഇക്കാര്യത്തിൽ തുറന്ന ചർച്ചകൾക്ക് കേന്ദ്ര സർക്കാരും എപ്പോഴും സന്നദ്ധമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക