
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി. ചമ്പത് റായ് രാജിവെച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും സംഘടനാ വക്താവ് വിജയ്ശങ്കർ തിവാരി പ്രതികരിച്ചു.
യുപി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവുമായി (എസ്‌ഐടി) റായ് പൂർണമായും സഹകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ വിഎച്ച്പി വക്താവ് വിജയ് ശങ്കർ തിവാരി, എട്ട് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് എഫ്‌ഐആറിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.