Image

ഭര്‍ത്താവ് ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചു; 27കാരി ജീവനൊടുക്കിയ നിലയില്‍

Published on 27 June, 2026
ഭര്‍ത്താവ് ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചു; 27കാരി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. ആറ്റുകാല്‍ സ്വദേശിനി ആരതി (27) ആണ് മരിച്ചത്. ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണ് യുവതിയുടെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ ക്രൂരമായ ശാരീരിക പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ ആരതി പല തവണ തന്റെ അമ്മയ്ക്ക് വാട്‌സ്ആപ്പിലൂടെ അയച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് ആരതി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. വിവാഹസമയത്ത് നല്‍കിയ 50 പവന്‍ സ്വര്‍ണം അതുല്‍ പല ഘട്ടങ്ങളിലായി പണയം വെച്ചതും പണം ആവശ്യപ്പെട്ടുള്ള പീഡനവും കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണമായി.അതുലിന് മറ്റു ബന്ധങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത് തര്‍ക്കങ്ങള്‍ രൂക്ഷമാക്കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. യുവതിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക