
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം രണ്ടു ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങി താത്കാലിക നിയമനം നടത്തിയെന്ന ആരോപണം ഉന്നയിച്ച് ജി. സുധാകരന്‍ എംഎല്‍എ.
പൈസ വാങ്ങിയ ആളുടെ പേര് താന്‍ പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു ജി. സുധാകരന്‍.
നൂറിലേറെ ആളുകളെയാണ് രണ്ട് ലക്ഷം രൂപാ വീതം വാങ്ങി താത്കാലികമായി നിയമിച്ചത്. ആരുടെ അനുവാദത്തോടെയാണ് ഈ നിയമനം നടത്തിയത്. എല്ലാവര്‍ക്കുമറിയാം ഇവിടെ എന്താണ് നടന്നതെന്ന്. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് കുടുംബശ്രീ വഴി നിയമനം നടത്തിയത്.
എന്ത് ആധികാരികതയാണ് കുടുംബശ്രീക്കുള്ളത്. കുടുംബശ്രീ സ്റ്റാറ്റിയൂട്ടറി ബോഡിയാണോ. രാഷ്ട്രീയക്കാരുടെ കള്ളക്കളിയാണ് കുടുംബശ്രീയില്‍ നടക്കുന്നത്. എന്ത് അധികാരത്തിലാണ് കുടുംബശ്രീ മെഡിക്കല്‍ കോളജില്‍ സ്റ്റാഫിനെ നിയമിക്കുന്നത്.
മെഡിക്കല്‍ കോളജിലെ നിയമനങ്ങളെല്ലാം പിഎസ്സി വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും വഴി നടത്തണം. രാഷ്ട്രീയക്കാരെന്ന് പറഞ്ഞ് മേനി നടിച്ച് നടക്കുന്നവര്‍ തന്നിഷ്ടം കാണിച്ച് അഴിമതി നടത്തുകയാണ്. രാഷ്ട്രീയമായ യാതൊരു ഇടപെടലും മെഡിക്കല്‍ കോളജില്‍ അനുവദിച്ചു കൂടെന്നും ജി. സുധാകരന്‍ പറഞ്ഞു.