
വാഷിങ്ടൺ: അമേരിക്കൻ സെക്കൻഡ് ലേഡി ഉഷാ വാൻസ് 8.75 ഡോളറിന് വാങ്ങിയ മെറ്റേണിറ്റി ഡ്രസിനെ ചൊല്ലിയുള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക്. ഭാര്യയുടെ മിതവ്യയത്തെ പ്രശംസിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, "അമേരിക്കയുടെ അടുത്ത ഫെഡറൽ ബജറ്റ് ഡയറക്ടറെ പരിചയപ്പെടൂ" എന്ന് ഹാസ്യരൂപത്തിൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, 50 ഡോളർ വിലവരുന്ന മെറ്റേണിറ്റി ഡ്രസ് ഉഷാ വാൻസ് 8.75 ഡോളറിന് വാങ്ങിയതായി ജെ.ഡി. വാൻസ് ചൂണ്ടിക്കാട്ടി. അതിന്റെ രസീതിന്റെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഭാര്യയുടെ ഷോപ്പിംഗ് മികവിനെ അഭിനന്ദിച്ചത്.
ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച "The Politics and Power of the Pregnancy Image" എന്ന അഭിപ്രായ ലേഖനത്തെ തുടർന്നാണ് ഈ പ്രതികരണങ്ങൾ. ഫാഷൻ നിരൂപക വനേസ ഫ്രീഡ്മാൻ എഴുതിയ ലേഖനത്തിൽ, ഉഷാ വാൻസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ്, സ്റ്റീഫൻ മില്ലറുടെ ഭാര്യ കാറ്റി മില്ലർ എന്നിവരുടെ ഗർഭകാല പൊതുപ്രത്യക്ഷപ്പെടലുകൾ ട്രംപ് ഭരണകൂടത്തിന്റെ കുടുംബ-ജനനനിരക്ക് അനുകൂല രാഷ്ട്രീയ സന്ദേശത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിരുന്നു.
പിതൃദിനത്തോടനുബന്ധിച്ച് ജെ.ഡി. വാൻസിനൊപ്പം പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയിൽ ഉഷാ വാൻസ് ധരിച്ചിരുന്ന ശരീരത്തോട് ചേർന്നുനിൽക്കുന്ന കോറൽ നിറത്തിലുള്ള മെറ്റേണിറ്റി ഡ്രസിനെയും ലേഖനം പ്രത്യേകം പരാമർശിച്ചിരുന്നു. ഗർഭധാരണത്തെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതി വൈറ്റ് ഹൗസിന്റെ കുടുംബ-പ്രസവ നയത്തിന്റെ പ്രതീകാത്മക അവതരണമാണെന്നായിരുന്നു ലേഖനത്തിലെ വിലയിരുത്തൽ.
നിലവിൽ ദമ്പതികൾ നാലാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്. ഉഷാ വാൻസിന്റെ നർമ്മം നിറഞ്ഞ പ്രതികരണവും അതിന് പിന്നാലെ ജെ.ഡി. വാൻസ് നടത്തിയ അഭിനന്ദനവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടിയിട്ടുണ്ട്.