
കൊച്ചി: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് ലക്ഷദ്വീപ് മുന്‍ പാര്‍ലമെന്റ് അംഗവും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസല്‍ പടിപ്പുര. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഹമ്മദ് ഫൈസല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇത്തരമൊരു വാര്‍ത്തകേട്ട് താന്‍ ഞെട്ടിപ്പോയെന്നും ലക്ഷദ്വിപിലെ മുന്‍ ബിജെപി പ്രസിഡന്റായ മുത്തുക്കോയയെന്നയാള്‍ ബിജെപി നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
താന്‍ എറണാകുളത്ത് ഉണ്ടെന്നും ബിജെപി നേതാക്കള്‍ ഉള്‍പ്പടെ ഇക്കാര്യം അന്വേഷിച്ച് വിളിച്ചിരുന്നതായും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. നാളെ ബിജെപി ജില്ലാ ആസ്ഥാനത്ത് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ഫൈസല്‍ പാര്‍ട്ടിയില്‍ ചേരുമെന്നായിരുന്നു എറണാകുളം ഘടകം നേരത്തെ അറിയിച്ചിരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ലക്ഷദ്വീപ് ബിജെപി യൂണിറ്റ് സ്ഥാപക പ്രസിഡന്റും മുത്തുക്കോയയും മുഹമ്മദ് ഫൈസലിനൊപ്പം പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്കില്ലെന്ന് മനസിലാക്കിയതോടെ വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലക്ഷദ്വീപില്‍ നിന്നുള്ള വിമാനം റദ്ദ് ചെയ്തതാണ് ഇതിന് കാരണമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.