Image

വിയ്യൂർ സെൻട്രൽ ജയിലിന് മുകളിൽ അർദ്ധരാത്രിയിൽ ഡ്രോൺ പറന്നു; അന്വേഷണം

Published on 26 June, 2026
വിയ്യൂർ സെൻട്രൽ ജയിലിന് മുകളിൽ അർദ്ധരാത്രിയിൽ ഡ്രോൺ പറന്നു; അന്വേഷണം

തൃശൂർ: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട അതീവ സുരക്ഷാ തടവറകളിലൊന്നായ ത്യശൂർ വിയ്യൂർ സെൻട്രൽ ജയിലിന് മുകളിൽ അർധരാത്രിയിൽ ഡ്രോൺ പറന്നത് വൻ സുരക്ഷാ ആശങ്കയ്ക്ക് വഴിവെച്ചു. വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. ജയിൽ പരിസരത്തും സമീപ പ്രദേശങ്ങളിലും ഒന്നിലധികം തവണ ഡ്രോൺ പറക്കുന്നത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് വിയ്യൂർ പൊലീസും കേരള പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗമായ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊലീസ് നൽകുന്ന വിവരമനുസരിച്ച് വെള്ളിയാഴ്‌ച പുലർച്ചെ 12 മണിക്കും 2 മണിക്കും ഇടയിലാണ് ജയിൽ വളപ്പിൽ ഡ്രോണിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. മൂന്ന് തവണയോളം ഡ്രോൺ ജയിലിന് മുകളിലൂടെ പറന്നുയർന്നു. വിയ്യൂർ സെൻട്രൽ ജയിലിന് പുറമെ സമീപത്തുള്ള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമി, അടുത്തുള്ള ഒരു കോളേജ് ക്യാമ്പസ് എന്നിവയ്ക്ക് മുകളിലും ഈ ഡ്രോൺ പറന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ജയിൽ വകുപ്പ് അധിക്യതർ വിയ്യൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഭീകരവാദ കേസുകളിലെ പ്രതികളും അന്തർസംസ്ഥാന ക്രിമിനലുകളും ഉൾപ്പെടെയുള്ള അതീവ അപകടകാരികളായ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ഹൈ സെക്യൂരിറ്റി പ്രിസൺ സ്ഥിതി ചെയ്യുന്നത് വിയ്യൂർ ജയിൽ കോംപ്ലക്‌സിലാണ്. ഇതിനാൽ തന്നെ ഈ പ്രദേശം പൂർണ്ണമായും ഡ്രോൺ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

പ്രാഥമിക അന്വേഷണത്തിൽ, ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വേണ്ടി രാത്രികാല ദൃശ്യങ്ങൾ റീലുകൾ പകർത്താൻ ആരെങ്കിലും ഡ്രോൺ പറത്തിയതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ രീതിയിലും അന്വേഷണം മുന്നോട്ടു പോകുന്നുണ്ട്. എങ്കിലും, ജയിലിൻ്റെ അതീവ സുരക്ഷ കണക്കിലെടുത്ത് യാതൊരുവിധ വിട്ടുവീഴ്‌ചയ്ക്കും തയ്യാറല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ക്രിമിനൽ ഗൂഢാലോചനയോ സുരക്ഷാ ലംഘനമോ ഇതിന് പിന്നിലുണ്ടോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും സ്പെഷ്യൽ ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക