Image

അഭയാർഥികൾക്കു യുഎസ് വാതിലടച്ചെന്നു വൈറ്റ് ഹൗസ്, നാടുകടത്തൽ തുടരും (പിപിഎം)

Published on 26 June, 2026
അഭയാർഥികൾക്കു യുഎസ് വാതിലടച്ചെന്നു വൈറ്റ് ഹൗസ്, നാടുകടത്തൽ തുടരും (പിപിഎം)

യുഎസിൽ അഭയാർഥികൾക്കു ഇനി പ്രവേശനം ലഭിക്കില്ലെന്നും നാടു കടത്തൽ തുടരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.

ഭരണകൂടത്തിന്റെ കുടിയേറ്റ നിയമം കർശനമായി നടപ്പാക്കുന്നതു സംബന്ധിച്ചു റിപ്പോർട്ടർമാരോട് സംസാരിച്ച വൈറ്റ് ഹൗസ് ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ പറഞ്ഞു: "അഭയം തേടി യുഎസിൽ വരുന്നവരെ പ്രവേശിപ്പിക്കില്ല. അവരെ സ്വീകരിക്കാൻ തയാറുള്ള രാജ്യങ്ങളുമായി നമ്മൾ കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്.

"അഭയാർഥികൾക്കു അമേരിക്ക വാതിൽ അടയ്ക്കുന്നു. പൂർണമായും. അഭയം തേടി വരുന്നവർക്കു മറ്റു രാജ്യങ്ങളിൽ ഇടം കിട്ടും. അതിനു നമ്മൾ സഹായിക്കും."

അനധികൃത കുടിയേറ്റം അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളെ സഹായിക്കുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. അതു കൊണ്ട് ഇല്ലീഗൽസിനെ നാടു കടത്താൻ ഉറച്ചാണ് ഭരണകൂടം. "ചെയ്യാവുന്ന ഏറ്റവും മനുഷ്യത്വമുള്ള കാര്യമാണ് നമ്മൾ ചെയ്യുന്നത് -- അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നു."

അഭയം തേടി യുഎസിലേക്കു വരുന്നവരെ മനുഷ്യക്കടത്തു സംഘങ്ങൾ തട്ടിക്കൊണ്ടു പോകാറുണ്ടെന്നു മില്ലർ ചൂണ്ടിക്കാട്ടി. അവർക്കു കിട്ടുന്ന പണം അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്കാണ് പോകുന്നത്. ലഹരി കടത്തു സംഘങ്ങളും അതിന്റെ ഭാഗമാണ്.

അഭയത്തിനുള്ള അപേക്ഷകൾ മിക്കപ്പോഴും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. മിക്കവരും സാമ്പത്തിക അഭയമാണ് തേടുന്നത്, പീഡനത്തിൽ നിന്നുള്ള രക്ഷയല്ല.

പ്രസിഡന്റ് ട്രംപിന്റെ നയങ്ങൾ മൂലം അതിർത്തി കടന്നു വരുന്ന അഭയാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് മില്ലർ അവകാശപ്പെട്ടു. "മുൻപൊരിക്കലും ഇതുണ്ടായിട്ടില്ല. 13-14 മാസങ്ങളായി ഒരൊറ്റയാൾ പോലും വന്നിട്ടില്ല."

കോൺഗ്രസ് അംഗീകരിച്ച പണം ഐ സി ഇയ്ക്ക് എത്തുകയും ഭരണപരമായ മാറ്റങ്ങൾ നടപ്പിൽ വരികയും ചെയ്യുന്നതോടെ ഇമിഗ്രെഷൻ നിയമം നടപ്പാക്കുന്നത് കൂടുതൽ ഊർജിതമാകുമെന്നു മില്ലർ പറഞ്ഞു.

ഹെയ്തിയിൽ നിന്നുള്ളവർക്ക് താത്കാലിക സംരക്ഷണം നീക്കിയ കോടതി ഉത്തരവിനെ കുറിച്ചു ചോദിച്ചപ്പോൾ മില്ലർ പറഞ്ഞു: "അപ്പോൾ അവരെ നാട് കടത്തിയേ തീരൂ."

White House says US asylum system effectively closed

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക