
രണ്ടു ജസ്റ്റിസുമാർ തമ്മിലുളള പരസ്യമായ ഏറ്റുമുട്ടലിനു വ്യാഴാഴ്ച്ച യുഎസ് സുപ്രീം കോടതി സാക്ഷിയായി. അഭയാർഥികളെ തിരിച്ചയക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി ശരി വയ്ക്കുന്ന ഭൂരിപക്ഷ 6-3 തീർപ്പിനെതിരെ ലിബറൽ ജസ്റ്റിസ് സോണിയ സോട്ടോമായർ ന്യൂനപക്ഷ തീർപ്പു മുഴുവൻ വായിച്ചതിൽ യാഥാസ്ഥിതിക ജസ്റ്റിസ് സാമുവൽ അലിറ്റോ രോഷം കൊണ്ടു.
"അങ്ങിനെയെങ്കിൽ ഞാൻ എഴുതിയ ഭൂരിപക്ഷ വിധിയും മുഴുവൻ വായിച്ചേനെ," അദ്ദേഹം പറഞ്ഞു.
സോട്ടോമായർ 35 പേജുള്ള ഭിന്നാഭിപ്രായം വായിച്ചപ്പോൾ അലിറ്റോ കസേര ആട്ടിയും സീലിംഗിലേക്കു നോക്കിയും താടിയിൽ തടവിയുമൊക്കെ അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
ഭൂരിപക്ഷ അഭിപ്രായം അത്യധികം തെറ്റാണെന്നു സോട്ടോമായർ പറഞ്ഞു. "കൂടുതൽ ആളുകൾ മരിക്കാൻ അത് ഇടയാക്കും. കൂടുതൽ ആളുകൾ നിയമവിരുദ്ധമായി അതിർത്തി കടന്നു വരാൻ ശ്രമിക്കും. ചിലർ അതിൽ വിജയിക്കും, ചിലർ പരാജയപ്പെടും.
"കൂടുതൽ ആളുകൾ യുഎസ്-മെക്സിക്കോ അതിർത്തിയിലെ അപകടം നിറഞ്ഞ സാഹചര്യത്തിൽ കഴിയേണ്ടി വരും. കൂടുതൽ ആളുകളെ നമ്മൾ തിരിച്ചയക്കും. അവർ അതിക്രമങ്ങൾ നേരിടും.
"കോൺഗ്രസ് ഇത് ആവശ്യപ്പെട്ടിട്ടില്ല, അനുവദിക്കാൻ ആഗ്രഹിച്ചിട്ടുമില്ല. അതു കൊണ്ടു ഞാൻ ആദരപൂർവം ഭിന്നിക്കുന്നു."
അസ്വസ്ഥനായി കാണപ്പെട്ട അലിറ്റോ പറഞ്ഞു: "ഞാൻ വിധിന്യായം പൂർണമായി വായിച്ചില്ല. എനിക്ക് ഇനിയും ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്."
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ഭരണകൂടങ്ങൾ ഈ നയം നടപ്പാക്കിയിരുന്നുവെന്നു അലിറ്റോ പറഞ്ഞു.
രാഷ്ട്രീയ ഭിന്നതയുള്ള ജസ്റ്റിസുമാർ തമ്മിലുള്ള ഏറ്റുമുട്ടൽ കോടതിയിൽ മുൻപും ഉണ്ടായിട്ടുണ്ട്. സോട്ടോമായർ അതിരുകടന്നോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി ലഭ്യമല്ല.
2016ൽ ഹെയ്തിയിൽ നിന്നു വലിയ തോതിൽ അഭയാർഥി പ്രവാഹം ഉണ്ടായപ്പോൾ ആണ് ഒബാമ 'മീറ്ററിംഗ്' നടപ്പാക്കിയത്. അഭയം തേടുന്നവരെ പരിമിതപ്പെടുത്താൻ തന്നെ ആയിരുന്നു അത്. അന്ന് ഒരു അതിർത്തിയിൽ മാത്രം നടപ്പാക്കിയ നയം ട്രംപ് വന്നപ്പോൾ എല്ലാ അതിർത്തികളിലേക്കും വ്യാപിപ്പിച്ചു.
2020ൽ കോവിഡ് കാലത്തു ബൈഡൻ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ ഈ നയം മാറ്റിവച്ചു. 2021ൽ അത് ഉപേക്ഷിക്കയും ചെയ്തു.
Justices clash over 'metering' policy