
ഇന്ത്യൻ പാസ്പോർട്ട് കേവലം യാത്രാ രേഖയാണെന്നും അത് പൗരത്വം ഉറപ്പു നൽകുന്നില്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാർക്കു പ്രത്യേകിച്ചും ആശങ്ക ഉയർത്തുന്നു.
ജൂൺ 24നു ഡൽഹിയിൽ 14ആം പാസ്പോർട്ട് സേവാ ദിവാസിലാണ് മന്ത്രാലയത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥർ ഈ വിശദീകരണം നൽകിയത്. വിദേശയാത്ര നടത്തുമ്പോൾ ഇന്ത്യക്കാർക്ക് ആവശ്യമായ ഈ 'യാത്രാ രേഖ' പൗരത്വം ഉണ്ടെന്നതിനു തെളിവാകുന്നില്ല എന്ന വിശദീകരണം അമ്പരപ്പായി.
വോട്ടർ പട്ടികയിൽ നിന്നു പേരു വെട്ടിയതിനെ ചോദ്യം ചെയ്യുമ്പോൾ പൗരത്വം തെളിയിക്കാൻ പാസ്പോർട്ട് ഉപയോഗിക്കാമോ എന്ന ചോദ്യത്തിനു മറുപടിയായാണ് ഉദ്യോഗസ്ഥർ ഈ വിശദീകരണം നൽകിയത്. ഇപ്പോൾ പല സംസ്ഥാനങ്ങളിലും എസ് ഐ ആർ അനുസരിച്ചു ഒട്ടേറെ വോട്ടർമാരെ നീക്കം ചെയ്യുന്നുണ്ടല്ലോ.
എൻ ആർ ഐകൾക്കും ഓ സി ഐ കാർഡ് ഉള്ളവർക്കും ഈ സർക്കാർ നിലപാട് കൂടുതൽ പ്രത്യാഘാതങ്ങൾ ഉളവാക്കും.
ഭരണഘടനയുടെ ഒൻപതാം വകുപ്പും 1955ലെ പൗരത്വ നിയമവും ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം വിലക്കുന്നു. മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിക്കുമ്പോൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കയാണ് ചെയ്യാറുള്ളത്. ഇന്ത്യൻ പാസ്പോർട്ട് അടിയറ വയ്ക്കണം എന്ന വ്യവസ്ഥയുമുണ്ട്.
വിദേശ പാസ്പോർട് ലഭിക്കുമ്പോൾ ഒരാൾ സ്വയം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു എന്നാണ് കരുതേണ്ടതെന്നു സർക്കാരിന്റെ മാർഗ നിർദേശങ്ങൾ വ്യക്തമാക്കുന്നു. പാസ്‌പോട്ടിനു പുറമെ മറ്റു നിയമ രേഖകൾ കൂടി കണക്കിലെടുത്താണ് പൗരത്വം നിർണയിക്കുന്നതെന്നു മന്ത്രാലയം നൽകിയ വിശദീകരണം കൊണ്ടു മനസിലാക്കാം.
എന്നാൽ പാസ്പോർട്ട് കൈവിടുമ്പോൾ ഇന്ത്യയിൽ കോൺസുലർ സർവീസുകൾ കിട്ടാൻ ബുദ്ധിമുട്ടു വരാം. കുടുംബ അവകാശങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ തടസമുണ്ടാവാം. വസ്തുവിന്റെ ഉടമസ്‌ഥാവകാശം ലഭിക്കാതെ വരാം.
വിദേശത്തു ജീവിക്കുമ്പോൾ കുടിയേറ്റ ആവശ്യങ്ങൾക്കും ഇന്ത്യൻ പാസ്പോർട്ട് വേണ്ടി വരാം.
ഓ സി ഐ കാർഡ് ഇന്ത്യൻ പൗരത്വത്തിനു തുല്യവുമല്ല. അത് ജീവിതകാലം നീളുന്ന വിസയും താമസ അനുമതിയും നൽകുന്നെങ്കിലും. വോട്ടവകാശവും അധികാര സ്ഥാനങ്ങൾ ഏൽക്കാനുള്ള അനുമതിയും അത് ഉറപ്പു നൽകുന്നില്ല.
Indian passport does not guarantee citizenship