
അടിയന്തരാവസ്ഥ പഠനം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും വിശദീകരിക്കുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അഞ്ച് പതിറ്റാണ്ടിലേറെ കാലത്തിന് ശേഷം ഇതാദ്യമായാണ് എന്‍സിഇആര്‍ടി സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരവാസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്നും ഇത് ജനാധിപത്യത്തിന്റെ പ്രധാന വെല്ലുവിളിയായെന്നും പാഠപുസ്‌കത്തിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തുന്നതായി എന്‍സിഇആര്‍ടി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1970കളില്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലുണ്ടായ അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പാഠഭാഗത്തില്‍ പറയുന്നു.
പണപ്പെരുപ്പം, സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയവ അക്കാലത്ത് ചര്‍ച്ചയായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നുമാണ് പാഠപുസ്തകത്തിലുള്ളത്.
അടിയന്തരാവസ്ഥാ കാലത്ത് പൗരന്മാരുടെ ഭൂരിഭാഗം മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടതായും മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതായും പുസ്തകത്തില്‍ പറയുന്നു. നിരവധി രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ജയിലിലടയ്ക്കപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് കടുത്ത തിരിച്ചടിയേല്‍ക്കുകയും ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്തതായും പുസ്തകം ചൂണ്ടിക്കാണിക്കുന്നു.
അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തില്‍ ജയപ്രകാശ് നാരായണന്‍ വഹിച്ച പങ്കിനെക്കുറിച്ചും പുതിയ പാഠഭാഗത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും അണിനിരത്തി വലിയ ജനകീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നതായി പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 1977 ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുകയും തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ജനങ്ങള്‍ തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിച്ചതിലൂടെ അന്നത്തെ ഭരണകക്ഷി പരാജയപ്പെട്ടു.പാഠഭാഗത്തില്‍ പറയുന്നു