
അമേരിക്കയുടെ അയലത്തു വെനസ്വേലയിൽ ഒരു നൂറ്റാണ്ടിനിടയിൽ ഉണ്ടായ ഏറ്റവും ശക്തമായ രണ്ടു ഭൂചലനങ്ങളിൽ 164 പേർ മരിച്ചു. 971 പേർക്കു പരുക്കേറ്റുവെന്നും ആക്‌ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു.
തലസ്ഥാനമായ കാരക്കാസിൽ നിന്നു 100 മൈൽ അകലെ ബുധനാഴ്ച്ച ഉച്ചതിരിഞ്ഞു ഉണ്ടായ ഭൂകമ്പത്തിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. കാരക്കാസിൽ പോലും കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു.
മരണം 10,000 വരെ ഉയരുമെന്നാണ് ആശങ്ക.
39 മിനിറ്റ് ഇടവിട്ടു രണ്ടു പ്രാവശ്യം ഭൂകമ്പം ഉണ്ടായി -- ആദ്യം 7.2, പിന്നീട് 7.5 എന്നാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. "ദുരന്തം ഏറെ വ്യാപകമാണ്, വളരെ ഉയർന്ന മരണനിരക്ക് ഉണ്ടാവാം," അവർ പറഞ്ഞു. 10,000 എന്നു പറഞ്ഞെങ്കിലും 100,000 വരെ ഉയരാനുള്ള സാധ്യതയും അവർ തള്ളിയില്ല.
കാരക്കാസിൽ നിന്നു 1,050 മൈൽ അകലെ ആമസോൺ മേഖലയിൽ വരെ കെട്ടിടങ്ങൾ ഒഴിപ്പിച്ചു. അത്ര വിദൂരമായ പ്രത്യാഘാതമാണ് ഉണ്ടായത്.
മഹാദുരന്ത മേഖല
ല ഗാർഡിയ സംസ്ഥാനം 'മഹാദുരന്ത മേഖല' ആണെന്നു റോഡ്രിഗസ് പറഞ്ഞു. അവിടന്നുള്ള മരണസംഖ്യയും പരുക്കേറ്റവരുടെ എണ്ണവും ലഭ്യമായിട്ടില്ല. അതു വരുമ്പോൾ എണ്ണം ഗണ്യമായി ഉയരും എന്നാണ് ആശങ്ക. "അവിടെ ഡസൻ കണക്കിനു കെട്ടിടങ്ങൾ വീണു, നമ്മൾ കണക്കെടുക്കുന്നതേയുള്ളൂ, ജീവൻ രക്ഷാ ശ്രമങ്ങളിലാണ് നമ്മുടെ ശ്രദ്ധ," റോഡ്രിഗസ് പറഞ്ഞു.
രാജ്യമൊട്ടാകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ലാറ്റിൻ അമേരിക്കയിൽ ഭൂകമ്പത്തിനു താരതമ്യേന സാധ്യത കുറഞ്ഞ രാജ്യമാണ് വെനസ്വേല.
കാരക്കാസിൽ ഇളകിയാടുന്ന കെട്ടിടങ്ങളിൽ നിന്ന് ആളുകൾ ഇറങ്ങിയോടുന്ന വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. തെരുവുകളിൽ വീട്ടു സാധനങ്ങൾ ചിതറി വീണു.
ആളുകൾ വീടുകൾക്കു പുറത്തു തന്നെ കഴിയണമെന്നു ആഭ്യന്തര മന്ത്രി ഡയോസ്‌ഡാഡോ കാബെല്ലോ പറഞ്ഞു.
തലസ്ഥാനത്തു വൈദ്യുതി നഷ്ടമായി. മൊബൈൽ ഫോണുകൾ നിശ്ച്ചലമായി. രാജ്യത്തെ പ്രധാനപ്പെട്ട സൈമൺ ബോളിവർ ഇന്റർനാഷണൽ എയർപോർട്ട് അടച്ചിട്ടു.
സബ്‍വെ സർവീസുകൾ നിർത്തി വച്ചു. പ്രകൃതി വാതക വിതരണ ശൃംഖല വിഛേദിച്ചെന്നും റോഡ്രിഗസ് അറിയിച്ചു. സ്കൂളുകളും കോളജുകളും ദിവസങ്ങളോളം തുറക്കാൻ കഴിയില്ല. അവ അഭയകേന്ദ്രങ്ങളാക്കും.
Most powerful quake in a century wrecks Venezuela