
എറണാകുളം: മാസപ്പടി ക്കേസിൽ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിൻ്റെ ഉടമയും പിണറായി വിജയൻ്റെ മകളുമായ വീണ രണ്ടാം തവണയും ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ ഹാജരായി. ഭർത്താവും എം എൽ എ യുമായ റിയാസിനെപ്പമാണ് കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. സി എം ആർ എൽ , എക്സാ ലോജിക്ക് കേസിൽ എസ് എഫ് ഐ ഒ രേഖകൾ ഇഡി ക്ക് ലഭിച്ചതിന് ശേഷമുള്ള ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക.
നേരത്തെ എട്ട് മണിക്കൂറിലധികം സമയം ഇഡി ചോദ്യം ചെയ്തിരുന്നു. വീണയുടെ മൊഴി വിലയിരുത്തിയ ശേഷമാണ് ഇഡി വീണ്ടും സമൻസ് നൽകി വിളിച്ചു വരുത്തിയത്. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ഇഡി നിർണായകമായ നീക്കങ്ങൾ നടത്തുമോയെന്നതാണ് പ്രസക്തമായ ചോദ്യം. കഴിഞ്ഞ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇഡി വീണയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു.
സി എം ആർ എൽ കമ്പനിയിൽ നിന്നും കൈപ്പറ്റിയ പണത്തെ കുറിച്ചും, നൽകിയ സേവനങ്ങളെ കുറിച്ചും ഇഡി വീണയിൽ നിന്നും വിശദമായ മൊഴിയാണ് ആദ്യ തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ പതിനേഴാം തീയതിയാണ് വീണയെ ഇഡി ചോദ്യം ചെയ്തത്. പന്ത്രണ്ടാം തീയതി രാവിലെ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒൻപതാം തീയതി നോട്ടിസ് നൽകിയിരുന്നു.
എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം കൂടി നൽകണമെന്ന് വീണ വിജയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളി പതിേനേഴാം തീയ്യതി ഹാജരാകാൻ വീണ്ടും സമൻസ് നൽകുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും തൻ്റെ അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും വീണ ഇ.ഡിക്ക് നൽകിയ അവധി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.