
കുമരകത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ, കോട്ടയം പരിപ്പ് തൊള്ളയിരംചിറയിലെ കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഷാപ്പ് പ്രവർത്തിച്ചിരുന്നത് തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.
എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തുന്ന ഹിയറിംഗിന് ശേഷമായിരിക്കും ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. സംഭവത്തിൽ ഷാപ്പ് ലൈസൻസി, മാനേജർ, കുക്ക് എന്നിവർക്കെതിരെ പോലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇവർ ഇതിനകം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.