
ഹൂസ്റ്റണ്‍ : ടെസ്ല കാര്‍ നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറി 76 കാരിയായ മാര്‍ത്ത ആവില എന്ന വയോധിക മരിച്ച സംഭവത്തില്‍ കമ്പനിക്കെതിരെ ടെക്‌സസിലെ ഒരു കുടുംബം കോടതിയെ സമീപിച്ചു. ടെസ്ലയുടെ 'ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ്' (FSD) സാങ്കേതികവിദ്യയുടെ തകരാറാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് മകള്‍ ജെന്നിഫര്‍ ബാര്‍ബറാണ് കേസ് ഫയല്‍ ചെയ്തത്. കുറഞ്ഞത് 1 ദശലക്ഷം ഡോളര്‍ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരമാണ് കുടുംബം ആവശ്യപ്പെടുന്നത്.
അപകടസമയത്ത് വാഹനം ഓട്ടോമാറ്റിക് മോഡിലായിരുന്നുവെന്ന് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ സാങ്കേതികവിദ്യയുടെ പിഴവല്ല, മറിച്ച് ഡ്രൈവര്‍ ആക്‌സിലറേറ്റര്‍ 100 ശതമാനവും അമര്‍ത്തി കാറിന്റെ വേഗത മണിക്കൂറില്‍ 117 കിലോമീറ്റര്‍ വരെ ഉയര്‍ത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌കും കമ്പനി അധികൃതരും എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
അപകടത്തില്‍ ജെന്നിഫറിന്റെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ടെക്‌സസ് പോലീസും യുഎസ് വാഹന സുരക്ഷാ ഏജന്‍സിയായ NHTSA-യും അന്വേഷണം നടത്തിവരികയാണ്.