Image

കുറ്റാരോപണം നിലവിലിരിക്കെ ഗ്രീൻ കാർഡ് ഉള്ളവർക്കും യുഎസിൽ പ്രവേശനം നിഷേധിക്കാം (പിപിഎം)

Published on 25 June, 2026
കുറ്റാരോപണം നിലവിലിരിക്കെ ഗ്രീൻ കാർഡ് ഉള്ളവർക്കും യുഎസിൽ പ്രവേശനം നിഷേധിക്കാം (പിപിഎം)

കോടതിയിൽ തെളിയിക്കപ്പെടാത്ത കുറ്റാരോപണം നേരിടുന്നവർക്കു ഗ്രീൻ കാർഡ് ഉണ്ടെങ്കിലും യുഎസിൽ നിന്നു പുറത്തു പോയി തിരിച്ചെത്തുമ്പോൾ പ്രവേശനം നിഷേധിക്കപ്പെടാമെന്നു ജൂൺ 23നു യുഎസ് സുപ്രീം കോടതി തീർപ്പു കൽപിച്ചു. 6-3 ഭൂരിപക്ഷത്തിലാണ് കോടതി ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനെ പിന്തുണച്ചു കൊണ്ട് കീഴ്കോടതി വിധി അസാധുവാക്കിയത്.

ഗ്രീൻ കാർഡ് ഉള്ളവർക്ക് മെച്ചപ്പെട്ട പരിഗണന നൽകണം എന്നായിരുന്നു കീഴ്കോടതിയുടെ ആവശ്യം.

നിയമാനുസൃതം യുഎസ് സ്ഥിരം നിവാസിയായ ചൈനക്കാരൻ മുഖ് ചോയി ലാവുവിന്റെ കേസിലാണ് ആ വിധി ഉണ്ടായത്. 2007ൽ ഗ്രീൻ കാർഡ് കിട്ടിയ ലാവുവിനെ 2012ൽ ന്യൂ ജേഴ്സിയിൽ $300,000 വ്യാജ ഉത്പന്നങ്ങൾ വിറ്റു എന്ന കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

അതിനു പിന്നാലെ അദ്ദേഹം യുഎസിനു പുറത്തു പോവുകയും അടുത്ത മാസം തിരിച്ചു വരികയും ചെയ്തു. എന്നാൽ ക്രിമിനൽ കേസ് നടന്നു കൊണ്ടിരിക്കുന്നതിനാൽ ലാവുവിനെ യുഎസിൽ പ്രവേശിപ്പിക്കാൻ തടസമുണ്ടന്നു ഇമിഗ്രെഷൻ അധികൃതർ തീരുമാനിച്ചു.

ലാവുവിനു പക്ഷെ താത്കാലികമായി യുഎസിൽ കഴിയാൻ അവർ അനുമതി നൽകി. 2013ൽ വ്യാജ ട്രെയ്‌ഡ്‌ മാർക്ക് ഉപയോഗിച്ചു എന്ന കുറ്റം അദ്ദേഹം സമ്മതിച്ചു. അതു കൊണ്ട് അദ്ദേഹത്തെ യുഎസിൽ നിന്നു പുറത്താക്കാം എന്ന് ഇമിഗ്രെഷൻ കോടതി തീരുമാനിച്ചു.

ലാവു അപ്പീൽ നൽകിയപ്പോൾ ഫെഡറൽ കോടതി പറഞ്ഞത് ഗ്രീൻ കാർഡ് ഉടമയ്‌ക്കെതിരെ അത്തരം നടപടി എടുക്കാൻ ക്രിമിനൽ കുറ്റാരോപണത്തേക്കാൾ ശക്തമായ തെളിവ് ഇമിഗ്രെഷൻ അധികൃതർക്കു വേണം എന്നാണ്.

സുപ്രീം കോടതി അതിനോടു യോജിച്ചില്ല. ഗ്രീൻ കാർഡ് ഉടമയ്ക്കു യുഎസിൽ പ്രവേശന അനുമതി നിഷേധിക്കാൻ കൂടുതൽ ശക്തമായ തെളിവ് ആവശ്യമില്ലെന്നു ജസ്റ്റിസ് ക്ലാരൻസ് തോമസ് ഭൂരിപക്ഷ അഭിപ്രായത്തിൽ എഴുതി. എന്നാൽ വിയോജിപ്പ് പ്രകടിപ്പിച്ചവരിൽ ഒരാളായ ജസ്റ്റിസ് കേതൻജി ബ്രൗൺ പറഞ്ഞത് അത്തരം തീരുമാനം ഗ്രീൻ കാർഡ് ഉള്ളവരുടെ മേൽ സർക്കാരിന് അമിതാധികാരം നൽകുന്നു എന്നാണ്.

"കുടിയേറ്റ നിയമം പൊളിച്ചെഴുതാൻ ഗവൺമെന്റിനു കോടതി ബ്ലാങ്ക് ചെക്ക് നൽകുകയാണ്," ബ്രൗൺ വിമർശിച്ചു.  

2012ൽ ആരംഭിച്ച കേസിൽ തുടർന്നു വന്ന എല്ലാ ഭരണകൂടങ്ങളും സമാനമായ നിലപാടാണ് സ്വീകരിച്ചത്.

Green Card holders returning to US could face new hurdles  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക